ആഗസ്റ്റ് 15നാണ് സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് ആരോ വലിച്ചെറിഞ്ഞ് പോയ പതാക ഷാരൂഖിന് കിട്ടുന്നത്. പതാക കണ്ടപ്പോൾ അച്ഛനും അമ്മയും ഭാര്യയും മക്കളുമെല്ലാം അടങ്ങുന്ന വാതിലിന്റെ സ്ഥാനത്ത് ഒരു തകരപ്പാളി മാത്രമുള്ള വീടായിരുന്നു ഷാരൂഖിന്റെ മനസ്സിൽ
മുസാഫര്‍നഗര്‍: ''ദേശീയ പതാക അപമാനിക്കപ്പെടുമെന്ന് അറിയുമായിരുന്നുവെങ്കില്‍ ഞങ്ങളുടെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു''- സത്താര്‍ കരഞ്ഞ് കൊണ്ട് പറയുകയാണ്. ദേശീയ പതാക ഉപയോഗിച്ച് വീടിന് വാതില്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഷാരുഖിന്‍റെ പിതാവാണ് സത്താര്‍.
യുപിയിലെ മുസാഫർനഗർ റെയിൽവേ സ്റ്റേഷനില്‍ ചുമട്ട് തൊഴിലാളിയാണ് ഷാരുഖ്. ദേശീയ പതാകയെ അവഹേളിച്ചുവെന്ന ശിവസേന നേതാവായ ലോകേഷ് സെയ്‌നിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആഗസ്റ്റ് 15നാണ് സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് ആരോ വലിച്ചെറിഞ്ഞ് പോയ പതാക ഷാരൂഖിന് കിട്ടുന്നത്.
പതാക കണ്ടപ്പോൾ അച്ഛനും അമ്മയും ഭാര്യയും മക്കളുമെല്ലാം അടങ്ങുന്ന വാതിലിന്റെ സ്ഥാനത്ത് ഒരു തകരപ്പാളി മാത്രമുള്ള വീടായിരുന്നു ഷാരൂഖിന്റെ മനസ്സിൽ. ഉടൻ തന്നെ പതാകയുമെടുത്ത് വീട്ടിൽ പോയി വതിൽ ഉണ്ടാക്കി. തുടർന്ന് സെപ്റ്റംബർ അഞ്ചിന് ശിവസേനയുടെ അകമ്പടിയോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശീയ പതാകയെ അപമാനിച്ചുവെന്നതാണ് വിദ്യാഭ്യാസമില്ലാത്ത ഈ മുപ്പത്തിമുന്നുകാരനെതിരെയുള്ള ആരോപണം. ആറ് പേരടങ്ങുന്ന ഷാരൂഖിന്റെ വീട്ടിൽ ആരും തന്നെ സ്കൂളിൽ പോയിട്ടില്ല. തന്റെ ഭര്‍ത്താവ് അന്നന്നത്തെ കൂലിക്ക് പണിയെടുക്കുന്ന ആളാണെന്നും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതോടെ വീട്ടിലേക്കുള്ള വരുമാനമാണ് ഇല്ലാതായെന്നും ഭാര്യ നഗ്മ മാധ്യമങ്ങളോട് പറഞ്ഞു.
അറിവില്ലായ്മ കൊണ്ടാണ് ഷാരൂഖ് പതാകയെ വാതിലാക്കി മാറ്റിയതെന്നും അത് മനസിലാക്കി പൊലീസ് അദ്ദേഹത്തിന് ഒരവസരം നല്‍കണമെന്നും അയല്‍വാസിയായ ഇക്ബാല്‍ ആവശ്യപ്പെട്ടു. ശിവസേന അനാവശ്യമായി വിഷയത്തെ വഷളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തൊക്കെ പറഞ്ഞാലും ദേശീയ പതാകയെ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് പരാതിക്കാരൻ ലോകേഷിന്റെ വാദം. സെപ്റ്റംബര്‍ 11 ന് ഷാരൂഖിന് ജാമ്യം ലഭിക്കുകയും പിറ്റേദിവസം ഇയാളും കുടുംബം അവിടെ നിന്നും താമസം മാറുകയും ചെയ്തു.
എന്നാല്‍, കേസില്‍ നിന്നും ഷാരൂഖിനെ പുറത്തെത്തിക്കാൻ സാധിക്കില്ലെന്നും ദേശീയ പതാകയെ അപമാനിച്ചതിന് മൂന്ന് വര്‍ഷത്തെ തടവും പിഴയും ഷാരൂഖ് അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഷാരൂഖിന്റെ കുടുംബം രാംപൂരിയിലെ വീട്ടിലേക്ക് താമസം മാറുന്നത്.
