ഓരോ പട്ടാളക്കാരന്‍റെയും ഹൃദയം ഇപ്പോള്‍ പുല്‍വാമയില്‍ ജീവന്‍ ത്യജിച്ച ആ 40 പട്ടാക്കാരനും വേണ്ടിയാകും തുടിക്കുന്നുണ്ടാവുക. ആ തുടിപ്പ് കൊണ്ടാണ് സ്വന്തം വീടിന് 'പുല്‍വാമ'- എന്ന പേര് നല്‍കി വീരമൃത്യു വരിച്ച സഹോദരന്മാരുടെ ഓര്‍മ എന്നും നിലനിര്‍ത്താന്‍ സഹീര്‍ തീരുമാനിച്ചത്
കണ്ണൂര്‍: ''ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നവരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്... ഓരോ പട്ടാളക്കാരനും ഏത്ര കഷ്ടപ്പാടുകള്‍ക്കിടയിലും അങ്ങനെ സ്വപ്നങ്ങള്‍ കാണുന്നവരാണ്. അവര്‍ ജീവന്‍ ത്യാഗം ചെയ്തത് നാടിന് വേണ്ടിയാണ്. അവര്‍ക്ക് വേണ്ടി നമ്മള്‍ തിരിച്ചടിക്കണം'' മനസില്‍ സങ്കടങ്ങളുടെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്നുണ്ടെങ്കിലും കണ്ണൂര്‍ കൂത്തുപ്പറമ്പുകാരന്‍ സഹീര്‍ വാലിടിയുടെ സ്വരം സംസാരത്തിന്‍റെ ഇടയില്‍ ഒരിക്കല്‍ പോലും ഇടറിയില്ല.
ഓരോ പട്ടാളക്കാരന്‍റെയും ഹൃദയം ഇപ്പോള്‍ പുല്‍വാമയില്‍ ജീവന്‍ ത്യജിച്ച ആ 40 പട്ടാളക്കാരനും വേണ്ടിയാകും തുടിക്കുന്നുണ്ടാവുക. ആ തുടിപ്പ് കൊണ്ടാണ് സ്വന്തം വീടിന് 'പുല്‍വാമ'- എന്ന പേര് നല്‍കി വീരമൃത്യു വരിച്ച സഹോദരന്മാരുടെ ഓര്‍മ എന്നും നിലനിര്‍ത്താന്‍ സഹീര്‍ തീരുമാനിച്ചത്.
കൂത്തുപ്പറമ്പ് മൂരിയാട് സെെന്യത്തിലെ ജോലി കൊണ്ട് കെട്ടിപ്പടുത്ത വീടിനാണ് സഹീര്‍ പുല്‍വാമ എന്ന പേര് നല്‍കിയത്. നാല് മാസത്തോളമായി വീട് വെച്ചിട്ട്. പുതിയ വീടിന് ഇതുവരെ പേരിട്ടിട്ടിലായിരുന്നു. പുല്‍വാമയില്‍ മരിച്ച ഓരോ ധീരപോരാളിയോടുമുള്ള ആദരവും സ്നേഹവും ബഹുമാനവുമെല്ലാം മനസില്‍ ചേര്‍ത്താണ് ഇങ്ങനെ ഒരു പേര് വീടിനിട്ടതെന്ന് സഹീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു.
ഒമ്പത് വര്‍ഷമായി സെെന്യത്തില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ജമ്മുവിലെ റെജോറി ജില്ലയിലാണ് സേവനം. പല സ്ഥലങ്ങളിലേക്ക് പോസ്റ്റിംഗ് ലഭിച്ചിട്ടുണ്ട്. പക്ഷേ, കൂടുതല്‍ കാലം കശ്മീരില്‍ തന്നെയാണ് സേവനം അനുഷ്ഠിച്ചിട്ടുള്ളത്. അതിനാല്‍, അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് നന്നായി അറിയാമെന്നും സഹീര്‍ പറഞ്ഞു. സെെനികര്‍ ഒരുപാട് ദുരിതം സഹിച്ചാണ് അവിടെ ജോലി ചെയ്യുന്നത്.
ആക്രമണങ്ങള്‍ക്കൊപ്പം കാലാവസ്ഥ സാഹചര്യങ്ങളോടും പടവെട്ടണമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തെ അവധിക്കായി നാട്ടില്‍ വന്നതിനിടെയാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. ക്രോസ് കണ്‍ട്രയില്‍ ദേശീയ തലത്തില്‍ മെഡല്‍ സ്വന്തമാക്കിയ താരം കൂടിയാണ് സഹീര്‍. സെെന്യത്തിലെ ജോലിക്കൊപ്പം സ്പോര്‍ട്സ് പ്രേമി കൂടിയായ സഹീര്‍ രണ്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ഭാര്യ- തസ്മിന, മകന്‍- ഒന്നരവയസുകാരന്‍ റിഹാന്‍.
