റിയാദ്: സൗദിയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും. കനത്ത ചൂടില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനുള്ള നിയന്ത്രണം മൂന്നു മാസത്തേക്കാണ്.

 ജൂണ്‍ പതിനഞ്ചു മുതല്‍ മൂന്നു മാസമാണ് സൗദിയില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കേണ്ടത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്നു മണിവരെ തൊഴിലാളികളെ കൊണ്ട് തുറന്ന സ്ഥലത്ത് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ നിയമമെന്ന് തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. 

സെപ്റ്റംബര്‍ പതിഞ്ചു വരെ ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടാകും. തൊഴിലാളികളുടെ പ്രവര്‍ത്തി സമയം ഇതുപ്രകാരം ക്രമീകരിക്കണമെന്ന് സ്ഥാപനങ്ങളോട് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു. 

എന്നാല്‍ ചൂട് കുറവുള്ള ഭാഗങ്ങളില്‍ നിയമത്തില്‍ ഇളവ് അനുവദിക്കും. അതാത് ഗവര്‍ണരേറ്റുകളുമായി ബന്ധപ്പെട്ടാണ് ഇളവുകള്‍ അനുവദിക്കുക. ഇതിനു പുറമേ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന ഏതാനും ചില തൊഴില്‍നിയമ ഭേതഗതികള്‍ കൂടി മന്ത്രാലയം പരിഗണിക്കുന്നുണ്ട്.