മലപ്പുറം: വഴിയാത്രക്കാരനെ ആക്രമിച്ച തെരുവു നായ ചെവികടിച്ചു മുറിച്ചു. ദേഹാസകലം പരിക്കേറ്റയാള്‍ നായയെ അടിച്ചു കൊന്നു. തിരൂരിനടുത്ത് പെരിന്തല്ലൂരിലാണ് സംഭവം.

പെരിന്തല്ലൂര്‍ കുരിക്കള്‍പടി സ്വദേശിയും ഹോട്ടല്‍ തൊഴിലാളിയുമായ പത്ത് പതിയില്‍ പ്രഭാകരനെയാണ് തിങ്കളാഴ്ച വൈകീട്ട് തെരുവുനായ ആക്രമിച്ചത്. ജോലികഴിഞ്ഞ് പ്രഭാകരൻ പെരിന്തല്ലൂര്‍ കുരിക്കള്‍ പടിയില്‍വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

കാലിന്റെ തുടയ്ക്ക് ആദ്യം നായ കടിച്ചു. കൂടുതല്‍ കടിക്കാതിരിക്കാന്‍ നായയെ പിടിച്ചതോടെ നായ പ്രഭാകരന്റെ ഇടതുചെവി കടിച്ചുമുറിച്ചു. തുടര്‍ന്ന് കൈക്കും ശരീരമാസകലവും കടിച്ചു. എന്നാല്‍ പ്രഭാകരന്‍ നായയെ തല്ലിക്കൊന്നു.

ഗുരുതരമായി പരിക്കേറ്റ പ്രഭാകരനെ തിരൂര്‍ ജനറല്‍ആസ്​പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാസ്​പത്രിയിലും പ്രവേശിപ്പിച്ചു.