ആലപ്പുഴ: നൂറനാട് ലപ്രസി സാനിട്ടോറിയത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് അന്തേവാസികൾക്ക് കടിയേറ്റു. സാനിട്ടോറിയത്തിലെ അന്തേവാസികളായ സീലാസ്, ഗോപി, ജോൺ എന്നിവർക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഇവർ സാനിട്ടോറിയം ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെ അന്തേവാസികളുടെ വാർഡുകളിലും ഒ.പി യിലും വഴികളിലും എല്ലാ നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്.
അന്തേവാസികളിൽ ഭൂരിപക്ഷവും പ്രായമുള്ളവരും അംഗവൈകല്യമുള്ളവരും ആയതിനാൽ നായ്ക്കളുടെ അക്രമണത്തിൽ നിന്നും രക്ഷ നേടുക പ്രയാസകരമാണ്.ഒ.പി.യിൽ ചികിത്സ തേടിയെത്തുന്ന നാട്ടുകാരായ രോഗികളും ഭയത്തോടെയാണ് ഇവിടേക്ക് എത്തുന്നത്. സാനിട്ടോറിയം വളപ്പിൽ നിന്നും തെരുവ് നായ്ക്കളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് അന്തേവാസികൾ ആവശ്യപ്പെട്ടു.
