മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് വേഗം കുറഞ്ഞതിനൊപ്പം തെരുവ് നായ്‌ക്കളുടെ വന്ധ്യംകരണവും ഒച്ചിഴയും വേഗത്തിലായതോടെ തിരുവനന്തപുരം നഗരത്തിലെ നിരത്തുകള്‍ പലതും തെരുവ് നായ്‌ക്കള്‍ കയ്യടക്കിയിരിക്കുകയാണിപ്പോള്‍. നായ്‌ക്കളുടെ ആക്രമണത്തില്‍ മാകരമായ മുറിവേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടി. കടിയേറ്റ് താലൂക്ക്, ജില്ലാ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഇതിലും കൂടും.
100 വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ നായകളെ പിടികൂടാന്‍ ആകെയുള്ളത് രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ മാത്രമാണ്. ആറു മാസം മാത്രമാണ് ഇവരുടെ കരാര്‍ കാലാവധി. കരാര്‍ കാലാവധി തീരുന്ന മുറയ്‌ക്ക് തെരുവ് നായ വന്ധ്യംകരണവും മുടങ്ങും. കടിയേല്‍ക്കുന്നത് മാത്രമല്ല റോഡുകളില്‍ കൂട്ടമായി എത്തി അക്രമിക്കുന്ന നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണവും ചെറുതല്ല. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും മുമ്പ് പുതിയ വഴികള്‍ തേടുകയാണ് കോര്‍പറേഷന്‍.
