പാലക്കാട്: ഷൊര്‍ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. മുഖത്തും കയ്യിലും ആഴത്തില്‍ മുറിവേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷൊര്‍ണൂര്‍ ത്രാങ്ങാലി ദേവസ്വംപറമ്പില്‍ മോഹന്‍ദാസിന്റെ ഭാര്യ കുമാരിക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കുളിക്കാന്‍ പുഴയിലേക്ക് പോകുകയായിരുന്ന കുമാരിയെ തെരുവുനായ കയ്യില്‍ കടിക്കുകയായിരുന്നു. നിലത്തുവീണ ഇവരുടെ കവിളിലും കഴുത്തിലും നായ കടിച്ചു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ ഓടിച്ചത്.
ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും വാക്‌സിന്‍ ഇല്ലാത്തതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുറിവുകള്‍ ആഴത്തിലുള്ളതാണെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസത്തിന് ശേഷം സ്റ്റിച്ചിടാമെന്നാണ് ആശുപത്രിയില്‍ നിന്ന് അറയിച്ചത്.
