ആലപ്പുഴ: ഫാസിസത്തിനെതിരെ പ്രതിഷേധത്തിന്റെ വരകള്‍ കോറിയിട്ട് തത്സസമയ ചിത്രരചന തെരുവ് വര ശ്രദ്ധേയം. നൂറനാട് അറിവ് കനിവ് സാംസ്‌ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പടനിലത്ത് നടത്തിയ തെരുവ് വര എന്ന പരിപാടിയാണ് ഫാസിസത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനമായത്. വിവേകാനന്ദ സ്പര്‍ശം എന്ന പരിപാടിയുടെ ഭാഗമായാണ് ഫാസിസം ഇന്ത്യ എന്ന വിഷയത്തില്‍ തെരുവ് വര സംഘടിപ്പിച്ചത്. 

ജനാധിപത്യ ഇന്ത്യയില്‍ ഫാസിസത്തിന്റെ വരവിനെ കാണിക്കുന്ന നേര്‍ച്ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികളടക്കമുള്ള പതിനഞ്ചോളം ചിത്രകാരന്മാര്‍ വ്യത്യസ്ത നിറക്കൂട്ടുകളില്‍ വരച്ചത്. ഇരുപത് മീറ്ററോളം നീളമുള്ള ക്യാന്‍വാസിലാണ് ചിത്രങ്ങള്‍ വരച്ചത്. ഫാസിസത്തിന്റെ കൈകള്‍ നമ്മുടെ ജീവിതത്തിലേക്ക് എങ്ങനെ കടന്നു വന്നുകൊണ്ടിരിക്കുന്നതിന്റെ നേര്‍കാഴ്ചയായിരുന്നു എല്ലാ ചിത്രങ്ങളും കാണികളോട് പറഞ്ഞത്. 

വയറ്റില്‍ തലയോട്ടികള്‍ നിറഞ്ഞ പശുവിന്റെ ചിത്രവും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി വരച്ച ചിത്രവും ഏറെ ശ്രദ്ധേയമായി. വിവിധ നിറങ്ങളിലുള്ള എമല്‍ഷന്‍ എക്സ്റ്റീരിയര്‍ പെയിന്റുകളാണ് ചിത്രകാരന്മാര്‍ ഉപയോഗിച്ചത്. പരിപാടി മാവേലിക്കര രവിവര്‍മ്മ ഫൈനാര്‍ട്‌സ് കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഉണ്ണികൃഷ്ണനും തെരുവ് വര ചിത്രകാരന്‍ രാജീവ് കോയിക്കലും ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ ആര്‍ പാര്‍ത്ഥസാരഥി വര്‍മ്മ, രാജീവ് നൂറനാട്, അറിവ് കനിവ് പ്രവര്‍ത്തകന്‍ കെ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.