ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു മാനസിക സമ്മർദ്ദം മൂലം മടുത്തു ആത്മഹത്യ ചെയ്യുന്നു 

ഇൻഡോർ: ആൾദൈവം ഭയ്യൂജി മഹാരാജിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഞാൻ ആരെയെങ്കിലും ഏൽപ്പിക്കുന്നു. മാനസിക സമ്മർദ്ദം മൂലം മടുത്തു, അതുകൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നാണ് ഭയ്യൂജി മഹാരാജിന്റെ രണ്ട് വരിയുള്ള ആത്മഹത്യാക്കുറിപ്പിൽ‌ പറയുന്നത്. ഇൻഡോറിലെ വീട്ടിൽ‌ വച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു മഹാരാജ്. നിരവധി രാഷ്ട്രീപ്രവർത്തകരുടെയും പ്രശസ്തരുടെയും ആത്മീയ ​ഗുരുവായിരുന്നു ഇയാൾ. രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തിൽ വരെ സ്വാധീനമുണ്ടായിരുന്ന മഹാരാജിന് മന്ത്രിസഭ ക്യാബിനറ്റ് മന്ത്രി പദവി വാ​ഗ്ദാനം ചെയ്തിരുന്നു. എന്നാൽ പദവി സ്വീകരിക്കുകയും മറ്റ് സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്തു. 

കഴിഞ്ഞ വർഷമാണ് ഇയാൾ രണ്ടാം തവണ വിവാഹം കഴിച്ചത്. 2015ൽ ആദ്യഭാര്യ മരിച്ചിരുന്നു. ഭാര്യയെയും കുടുംബാം​ഗങ്ങളെയും അന്വേഷണത്തിന്റെ ഭാ​ഗമായി ചോദ്യം ചെയ്യുമെന്ന് ഇൻഡോറിലെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ ജയന്ത് റാത്തോർ‌ പറഞ്ഞു. മധ്യപ്രദേശിലെ ബിജെപി ​സർക്കാർ മന്ത്രിമാർക്ക് നൽകിയ അഞ്ച് ആത്മീയ നേതാക്കളിൽ ഒരാളായിരുന്നു ഭയ്യൂജി മഹാരാജ്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഷുജാൽപൂരിലാണ് ഇയാൾ ജനിച്ചത്. കോൺ​ഗ്രസിലെയും ബിജെപിയിലെയും മുതിർന്ന നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു. സംസ്കാരവും അറിവുമുള്ള ഒരു ആത്മീയ​ഗുരുവിനെയാണ് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ അനുശോചന പ്രസം​ഗത്തിൽ പറഞ്ഞത്.