പരീക്ഷയ്‌ക്ക് വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുന്നതും അതിന് അവരെ സഹായിക്കാന്‍ വലിയ കെട്ടിടങ്ങളില്‍ ബന്ധുക്കള്‍ തൂങ്ങിക്കിടക്കുന്നതും ഒക്കെ ഇന്ത്യയില്‍ ഇനിയും നടന്നേക്കാം. കോപ്പിയടിച്ച്‌ പിടിച്ചാല്‍ മൂന്ന്‌ വര്‍ഷത്തേയ്‌ക്ക് ഡീബാര്‍ ചെയ്യുന്നതാണ് ഇവിടത്തെ വലിയ ശിക്ഷ. പക്ഷേ, കോപ്പിയടി ഏഴ്‌ വര്‍ഷം വരെ തടവ്‌ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കി, നിയമം ഭേദഗതി ചെയ്തിരിക്കുകയാണ് ചൈന. 

കോപ്പിയടിക്ക്‌ സഹായിക്കുന്ന രക്ഷിതാക്കള്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. തടവ്‌ ശിക്ഷയ്‌ക്കു പുറമെ ,പിടിയിലാകുന്നവര്‍ പിഴയും അടയ്‌ക്കേണ്ടി വരും. സാങ്കേതികത്തികവില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ കോപ്പിയടിക്കാനും അത്യന്താധുനിക സംവിധാനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. ഇത് തടയാന്‍ അടിവസ്‌ത്രനിരോധനവും, ഡ്രോണുകളും ഒക്കെ പരീക്ഷിച്ചിട്ടും കോപ്പിയടി കുറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കോപ്പിയടി വീരന്‍മാര്‍ക്ക് ജയില്‍ വാസം ഉറപ്പാക്കുന്ന നിയമഭേദഗതി കഴിഞ്ഞ നവംബറില്‍ പാസ്സാക്കിയത്. നാളെ തുടങ്ങുന്ന ഗവോക്കാവോ പരീക്ഷയില്‍ വിരലടയാള പരിശോധനക്കുശേഷമാകും വിദ്യാര്‍ത്ഥികളെ ഹാളില്‍ പ്രവേശിപ്പിക്കുക.