ശ്രീനഗർ: ജമ്മു കശ്മീരിൽ കർശനനിയന്ത്രണത്തിനൊരുങ്ങി സൈന്യം. ഇനി സിആർപിഎഫിന്‍റേതുൾപ്പടെ വലിയ സൈനിക വാഹനവ്യൂഹങ്ങൾ കടന്ന് പോകുമ്പോൾ സിവിലിയൻ വാഹനങ്ങൾ നിയന്ത്രിക്കും. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ശ്രീനഗറിൽ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

ആർമി കമാൻഡർ, സിആർപിഎഫ് ഡയറക്ടർ ജനറൽ ഉൾപ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. സൈനികവിഭാഗങ്ങളുടെ വൻ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇനി പ്രധാന റോഡുകളിലൊന്നിലും സിവിലിയൻ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. 

പുൽവാമയ്ക്ക് കിലോമീറ്ററുകൾക്കപ്പുറം മാത്രം താമസിച്ചിരുന്ന ഭീകരവാദി ആദിൽ അഹമ്മദ് ധർ ബോംബ് നിറച്ച സ്വന്തം വാഹനം സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ചാവേറാക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരികിൽ കാർ നിർത്തിയിട്ട് കാത്തു നിൽക്കുകയായിരുന്നു ധർ. ഇത്തരം സാഹചര്യം ഇനി ആവർത്തിക്കാതിരിക്കാനാണ് സൈന്യം ജാഗ്രത പുലർത്തുന്നത്.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജവാൻമാരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ആശുപത്രിയിലെത്തി കണ്ടു. പാകിസ്ഥാന്‍റെയും ഐഎസ്ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്ന് രാജ്‍നാഥ് സിംഗ് ആ‌ഞ്ഞടിച്ചു. 'ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും.' - രാജ്‍നാഥ് സിംഗ് പറഞ്ഞു.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോൺഫറൻസ് നേതാക്കളെയുമാണ് രാജ്‍നാഥ് സിംഗ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ വിഘടനവാദി നേതാക്കളോട് ഇനി കേന്ദ്രസർക്കാർ സമീപനം എങ്ങനെയാകുമെന്ന് കണ്ടറിയണം. സർക്കാർ താഴെ വീണതിനാൽ ഗവർണർ ഭരണത്തിലാണ് ജമ്മു കശ്മീരിലിപ്പോൾ. 

കേന്ദ്രസർക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ഇനി ജമ്മു കശ്മീർ. സുരക്ഷ കർശനമാക്കും. അതിർത്തിയിൽ എന്ത് തരത്തിലുള്ള തിരിച്ചടി നൽകണമെന്നതിൽ തിരക്കിട്ട ചർച്ചകളാണ് ദില്ലിയിൽ നടക്കുന്നത്.

അന്താരാഷ്ട്രതലത്തിലും നയതന്ത്രതലത്തിലും പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ പ്രധാനശക്തികളെയെല്ലാം നേരിട്ട് ബന്ധപ്പെട്ട് അതിനുള്ള ശ്രമം സജീവമാക്കുകയാണ് വിദേശകാര്യമന്ത്രാലയം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ജി-20 രാജ്യങ്ങളെയും ഒപ്പം നിർത്താൻ ഇന്ത്യ ശ്രമിക്കുന്നു.