കൊച്ചി:പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.കന്യാസ്ത്രീകളടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ട്. ജനവാസമേഖലയില്‍ എല്‍എന്‍ജി സംഭരണശാല സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തിയുളള സമരം നേരിടാനായി വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്.സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.
അതേസമയം, സമരക്കാരെ ബലംപ്രയോഗിച്ച് നീക്കിയ പൊലീസ് നടപടിക്കെതിരെ വരാപ്പുഴ അതിരൂപത രംഗത്തെത്തി. കൊച്ചി പുതുവൈപ്പിനിലെ ഐഒസി എല്‍പിജി ടെര്‍മിനല്‍ പദ്ധതിയ്‌ക്ക് എതിരെ പ്രദേശവാസികള്‍ ഒരു മാസമായി നടത്തുന്ന ഉപരോധ സമരമാണ് പോലീസ് നടപടിയെത്തുടര്‍ന്ന് ഇന്ന് സംഘര്‍ഷത്തിലെത്തിയത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധമായാണ് ഐഒസി ടെര്‍മിനല്‍ നിര്‍മിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ജനവാസ കേന്ദ്രത്തില്‍ നിന്ന് 200 മീറ്ററെങ്കിലും മാറി ടെര്‍മിനല്‍ നിര്‍മിക്കണമെന്നാണ് നിയമം. എന്നാല്‍ വീടുകള്‍ക്ക് 50 മീറ്റര്‍ മാത്രം അകലെയുള്ള ടെര്‍മിനല്‍ നൂറ് കണക്കിന് പേരുടെ ജീവന് തന്നെ ഭീഷണിയാണെന്നും ഇവര്‍ പറയുന്നു. കടലിനോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ടെര്‍മിനല്‍ മത്സ്യബന്ധനത്തിനും വിഘാതം സൃഷ്‌ടിക്കുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാല്‍ എല്ലാ വിധ നിയമാനുസൃത അനുമതികളും ലഭിച്ചാണ് ടെര്‍മിനല്‍ നിര്‍മാണമെന്നാണ് ഐഒസിയുടെ വാദം. ലോക നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണു ടെര്‍മിനലിലെ സംഭരണ ടാങ്കുകള്‍ നിര്‍മിക്കുന്നതെന്നും ഐഒസി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ സമരം നഗരത്തിലേക്ക് മാറ്റാനാണ് സമരസമിതിയുടെ തീരുമാനം.
