ബംഗളുരു: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗളുരുവില്‍ ജനജീവിതത്തെ ബാധിച്ചു. നഗരത്തില്‍ ബസുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. കേരള, കര്‍ണാടക ആര്‍ ടി സികളുടെ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഇന്നലെ വൈകീട്ടോടെ തന്നെ നിര്‍ത്തിവച്ചിരുന്നു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമാന സര്‍വ്വവീസുകളെ ഇത് ബാധിച്ചിട്ടില്ല. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷകളും ടാക്‌സികളും സര്‍വ്വീസ് നടത്തുന്നുണ്ട്. അതേ സമയം നഗരത്തിലെ മള്‍ട്ടിപ്ലക്‌സുകളും സിനിമ തീയേറ്ററുകളും പതിവു പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടകത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.