പണിമുടക്കിനോടുള്ള പതിവ് വിമുഖത തന്നെയായിരുന്നു ഇത്തവണയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്. പൊതു ഗതഗാത സംവിധാനങ്ങള്‍ ശക്തമായതിനാല്‍ ദില്ലിയില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പതിവുപോലെ ജോലിക്കെത്തി. ശമ്പള വര്‍ദ്ധവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രതിഷേധിച്ച മലയാളികളടക്കമുള്ള നഴ്‌സുമാരെ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. സഫ്ദര്‍ജങ് ആശുപത്രിക്ക് മുന്നിലും നഴ്‌സുമാര്‍ പ്രതിഷേധിച്ചു. ജന്ദര്‍മന്ദറില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
പശ്ചിമ ബംഗാളിലെ മധ്യംഗ്രാമില്‍ സിപിഎം - ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൂച്ച്ബെഹാറില്‍ സമരാനുകൂലികളുടെ കല്ലേറില്‍ സര്‍ക്കാര്‍ ബസ്സിന്‍റെ ചില്ല് തകര്‍ന്നു. സിലിഗുരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഐ(എം)മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അശോക് ഭട്ടാചാര്യ അടക്കം 15പേര്‍ അറസ്റ്റിലായി. കര്‍ഷകരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പണിമുടക്കിനെ നേരിടാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സിംഗൂര്‍ ദിവസ് ആചരിക്കുകയാണ്. മുംബൈയെ പണിമുടക്ക് ബാധിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു. വ്യവസായ സ്ഥാപനങ്ങളെ ഭാഗികമായി ബാധിച്ചു.
ബംഗളുരുവില്‍ പണിമുടക്ക് ജനജീവിതത്ത ബാധിച്ചു.. ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. ചെന്നൈയില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തിയ മന്ത്രിമാരായ കെ.ടി ജലീല്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, എ.സി മൊയ്തീന്‍ എന്നിവര്‍ പണിമുടക്ക് ദിവസം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. രാഷ്‌ട്രപതി ഭവനില്‍ നാളെ നടക്കുന്ന ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതിന് മാത്രമായി ദില്ലി സന്ദര്‍ശനം ഒതുത്തേക്കണ്ടതില്ലെന്ന തീരുമാനത്തിലാണ് മന്ത്രിമാര്‍ ഒദ്യോഗിക കൂടിക്കാഴ്ചയ്‌ക്ക് അവരമൊരുക്കിയത്.
