ഫ്രാന്‍സിന് വെല്ലുവിളിയായി ഉറുഗ്വെയന്‍ പ്രതിരോധം


മോസ്കോ: പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് ഫുട്ബോള്‍ ലോകം പ്രവചിച്ചതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കെട്ടിയിടുന്ന ഉറുഗ്വെയന്‍ പൂട്ടിനെപ്പറ്റി. അതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയെത്തിയ ഉറുഗ്വെയ്ക്കെതിരെ ഒരു ഗോള്‍ പോര്‍ച്ചുഗല്‍ നേടിയെങ്കിലും നായകന്‍ ഡീഗോ ഗോഡിന്‍റെയും ഹോസെ ഗിമിനെസിന്‍റെയും മികവിന് മുന്നില്‍ അവസാനം റൊണാള്‍ഡോ മുട്ട് മടക്കി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്‍റെ വെല്ലുവിളിയാണ് ഉറുഗ്വെയ്ക്ക് നേരിടാനുള്ളത്. ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങള്‍ അടങ്ങിയ സംഘമാണ് ഫ്രാന്‍സ്.

ആന്‍റോണിയോ ഗ്രീസ്മാനും കെയ്‍ലന്‍ എംബാപെയും ജിരൂദും എല്ലാമടങ്ങിയ ഫ്രഞ്ച് നിര അര്‍ജന്‍റീനയെ കെട്ടുക്കെട്ടിച്ച ശേഷമാണ് മറ്റൊരു ലാറ്റിനമേരിക്കന്‍ വമ്പന്മാരെ എതിരിടാന്‍ എത്തുന്നത്. പക്ഷേ ഗോഡിനും ഗിമിനെസും നെഞ്ചുവിരിച്ച് നില്‍ക്കുമ്പോള്‍, അത്ര വേഗം ആ പ്രതിരോധക്കോട്ട പൊളിക്കാന്‍ ഫ്രാന്‍സിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഡിഫന്‍സില്‍ ഇതുവരെയുള്ള ഇരുവരുടെയും പ്രകടനമാണ് ഫ്രഞ്ച് പടയ്ക്ക് വെല്ലുവിളിയാകുന്നത്.

ലോകകപ്പിലെ നാലു മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് ഈ സംഘം വഴങ്ങിയത്. 17 ടാക്കിളുകള്‍ ചെയ്തപ്പോള്‍ 22 ഇന്‍റര്‍സെപ്ഷനുകള്‍ നടത്തി. 37 നല്ല ക്ലിയറന്‍സുകളും എതിരാളികള്‍ തൊടുത്ത ഏരിയല്‍ ബോളുകളില്‍ 15 എണ്ണവും ഗോഡിനും ഗിമിനെസിനും പിടിച്ചെടുത്തു. അസാമാന്യ മികവോടെ പ്രതിരോധം കെട്ടുന്ന ഗോഡിനും ഗിമിനെസിനും മുന്നില്‍ ഫ്രഞ്ച് മുന്നേറ്റം പാളിയാലും അതില്‍ അത്ഭുതമൊന്നും പറയാനില്ല.