തിരുവനന്തപുരം: ദേശീയപാത 66 ലുള്ള കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് താഴെനിന്ന് പോലീസ് കണ്ടെടുത്തത് ഉഗ്രശേഷിയുള്ള കുഴി ബോംബുകളെന്ന് വ്യക്തമായി. യുദ്ധത്തിന് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണ് ഇവ. പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴി ബോംബാണ് ഇവയെന്ന് തിരിച്ചറിഞ്ഞു. പൊട്ടിയാല്‍ 50 മീറ്റര്‍ പരിധിക്കുള്ളില്‍ വന്‍ നാശനഷ്ടം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണിവ. 

കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍നിന്ന് പോലീസിന് അഞ്ച് കുഴി ബോംബുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വന്‍ ആയുധശേഖരം റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമല്ല. തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചു.