കടപ്പുറം പഞ്ചായത്തിലെ പത്തോളം വീടുകളില്‍ വെള്ളം കയറി.

തൃശൂര്‍: കടല്‍ക്ഷോഭം ശക്തമായ തൃശൂരിന്റെ തീരത്ത് വ്യാപക നാശ നഷ്ടം. കടപ്പുറം പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാടും പുത്തന്‍കടപ്പുറത്തും വേലിയേറ്റം തുടരുകയാണ്. കടപ്പുറം പഞ്ചായത്തിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. റോഡരികിലുള്ള കടകളിലേക്കും തിരമാലകയറി. കാറ്റാടി മരങ്ങള്‍ കടപുഴകി. അപ്രതീക്ഷിത വേലിയേറ്റത്തില്‍ ജനം ഭീതിയിലാണ്.

കടപ്പുറം തൊട്ടാപ്പ്, മുനയ്ക്കകടവ്, അഞ്ചങ്ങാടി വളവ് ഭാഗങ്ങളിലാണ് ശക്തമായ തിരയടിച്ച് കടല്‍വെള്ളം നൂറു മീറ്ററിലേറെ കയറി വന്നത്. പ്രധാന റോഡായ കോര്‍ണീഷ് റോഡും കവിഞ്ഞ് വെള്ളം ഒഴുകി. വൈകീട്ടാണ് വേലിയേറ്റം ശക്തമായത്. കടല്‍ഭിത്തി പൊളിഞ്ഞ ഭാഗങ്ങളിലൂടെ ശക്തമായ തിരയാണ് അടിച്ചു കയറിയത്. ബ്ലാങ്ങാട് ബീച്ചിലും പുത്തന്‍കടപ്പുറത്തും ശക്തമായ തിരയാണ് അടിച്ചത്. പുത്തന്‍കടപ്പുറത്ത് കടലാമ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കൂട് വെള്ളത്തില്‍ മുങ്ങി. 

ഏങ്ങണ്ടിയൂര്‍ എത്തായ് അഴിമുഖം മുതല്‍ നാട്ടിക ബീച്ച് പ്രദേശങ്ങളിലും കടല്‍ക്ഷോഭം ശക്തമാണ്. എത്തായ് ബീച്ചില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് എട്ട് വീടുകള്‍ വെള്ളക്കെട്ടിലായി. ഉണ്ണിക്കോച്ചന്‍ രവി, ചക്കന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. പൊക്കുളങ്ങര, വാടാനപ്പള്ളി, തളിക്കുളം, ഇടശ്ശേരി, നാട്ടിക ബീച്ചുകളിലും കടല്‍ക്ഷോഭം ശക്തമാണ്. മേഖലയില്‍ സീവാള്‍ റോഡും കവിഞ്ഞാണ് കടല്‍ വെള്ളം കരയിലേക്ക് ഒഴുകിയത്. 

എറിയാട്, കാര, കൂളിമുട്ടം, പൊക്ലായി തുടങ്ങി നരവധി സ്ഥലങ്ങളിലും ശക്തമായ കടലേറ്റമുണ്ടായി. പലയിടത്തും കടല്‍വെള്ളം സീവാള്‍ റോഡ് വരെയെത്തി. കടലോരത്തെ ചെറുകിട കച്ചവട ഷെഡ്ഡുകളും കരയ്ക്ക് കയറ്റി വെച്ചിരുന്ന വഞ്ചികള്‍ക്കും വലകള്‍ക്കുമാണ് നാശം സംഭവിച്ചത്. പലയിടത്തും കടല്‍ഭിത്തിക്കും മുകളിലൂടെയാണ് തിരമാലകള്‍ കരയിലെത്തിയത്. കടല്‍ഭിത്തിയില്ലാത്തിടങ്ങളിലാണ് നാശനഷ്ടം കൂടുതലുണ്ടായത്. അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ തിരയടിച്ച് വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി മരണത്തിനിരയായിരുന്നു. ഇന്നലെ കടലില്‍ കാണാതായ മാള സ്വദേശിയായ യുവതിയുടെ മൃതദേഹം ഇന്നാണ് കരയ്ക്കടിഞ്ഞത്.