85 ഓളം വീടുകളില്‍ വെള്ളം കയറി. പലരും ദുരിതാശ്വാസ ക്യാമ്പ് തുറന്നെങ്കിലും ജനങ്ങള്‍ വീടുവിട്ട് പോകാന്‍ മടിക്കുകയാണ്.

ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രണ്ടു ദിവസങ്ങളായി കടല്‍ക്ഷോഭം. ഓഖി ദുരന്തത്തിന്റെ ഭീതി മാറും മുമ്പേയുണ്ടായ കടല്‍ താണ്ഡവത്തില്‍ തീരപ്രദേശവാസികള്‍ ആശങ്കയില്‍. കൂറ്റന്‍ തിരമാലകളാണ് തീരത്തേക്ക് അടിച്ച് കയറുന്നത്. കടല്‍ഭിത്തികള്‍ ഇടിഞ്ഞുതാഴ്ന്നതും തകര്‍ന്നതുമാണ് തിരമാലകള്‍ തീരത്തേക്ക് ശക്തമായി അടിച്ചു കയറുവാന്‍ കാരണം. 

നീര്‍ക്കുന്നം, കാട്ടൂര്‍, ഒറ്റമശ്ശേരി, തൈക്കല്‍, തുറവൂര്‍ എന്നീ ഭാഗങ്ങളിലെ നൂറിലേറെ വീടുകള്‍ വെള്ളത്തിലായി. വലിയഴീക്കല്‍, പല്ലന, തൃക്കുന്നപ്പുഴ, കാക്കാഴം, കോമന, പുന്നപ്ര, ഓമനപ്പുഴ, തുമ്പോളി, ചെത്തി എന്നിവിടങ്ങളിലും കടലേറ്റം ശക്തിയായി തുടരുന്നു. നീര്‍ക്കുന്നത്ത് 50 വീടുകളില്‍ വെള്ളം കയറി. തൈക്കലില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 

മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ കാട്ടൂര്‍ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്. 35 വീടുകളില്‍ കടല്‍ വെള്ളം കയറി. മാമോദീസ ചടങ്ങ് നടന്ന വീട്ടിലേക്കും കടല്‍ ഇരച്ച് ഇന്നലെ കയറി. കാട്ടൂര്‍ കടപ്പുറത്ത് തൈ വീട്ടില്‍ മറിയാമ്മയുടെ വീട്ടിലാണ് മാമോദീസ ചടങ്ങിന് ബുദ്ധിമുട്ടുണ്ടാക്കി കടല്‍ ഇരച്ച്
കയറിയത്. ഇവിടെ ആലപ്പുഴയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് വെളളം വറ്റിച്ചത്.

ഞായറാഴ്ച പുലര്‍ച്ചേ മുതല്‍ കാട്ടൂര്‍ പ്രദേശത്ത് കടല്‍ ക്ഷോഭം ഉണ്ട്. ഉച്ച കഴിഞ്ഞാണ് വീടുകളില്‍ വെള്ളം കയറി തുടങ്ങിയത്. പെള്ളേത്തൈ, ശാസ്ത്രിമുക്ക്, കാട്ടൂര്‍ പള്ളിക്ക് പടിഞ്ഞാറ്, ചെറിയ പൊഴി, കോളേജ് ജംഗ്ഷന്‍, ഓമനപ്പുഴ എന്നിവടങ്ങളിലാണ് കടല്‍ സംഹാര താണ്ഡവമാടുന്നത്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 16, 17, 20, 21, 22, 23 വാര്‍ഡുകളിലെ നൂറോളം വീടുകള്‍ കടല്‍ ക്ഷോഭ ഭീഷണിയിലുമാണ്. 

ഇവരില്‍ 35 പേരുടെ വീടിനുള്ളില്‍ വീടിനുള്ളില്‍ വെള്ളം കയറി. ഇവരെ മാറ്റിപാര്‍പ്പിക്കാന്‍ റവന്യൂ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചു. എന്നാല്‍ മൂന്ന് വീട്ടുകാരാണ് വീട് വിട്ട് ദുരിതാശ്വാസ ക്യമ്പിലേക്ക് മാറിയുള്ളൂ. വീടുകളില്‍ ഗൃഹോപകരണങ്ങള്‍ വരെ വെളളത്തിലാണ്. പാചകം വരെ മുടങ്ങി. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭീതിയുള്ളതിനാലാണ് ക്യാമ്പിലേക്ക് മാറാന്‍ തീരവാസികള്‍ മടിക്കുന്നത്. 

അമ്പലപ്പുഴ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്. പോലീസ്, കെ.എസ്.ഇ.ബി അധികൃതരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സക്രിയമാണ്. ചേന്നവേലി തീരത്തും കടല്‍ വെള്ളം വീടുകളിലേക്ക് ഇരച്ച് കയറി. ഇവിടെ തീരദേശത്തുള്ള റോഡിലും വെളളം കയറി. കാട്ടൂരിലും ചേന്നവേലിയിലും സ്വകാര്യ റിസോര്‍ട്ടുകളിലും കടല്‍ വെളളം കയറിയിട്ടുണ്ട്.