ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിനെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപിയ്ക്കുന്നു. തിരുച്ചിറപ്പള്ളിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം അഞ്ചാം ദിവസവും തുടരുകയാണ്. ഇത് കണക്കിലെടുത്ത് ടിടിവി ദിനകരനും ഡിഎംകെയും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയില്‍ മദ്രാസ് സര്‍വകലാശാലാ ക്യാംപസിലും പ്രമുഖ കോളേജുകളായ ലൊയോള, ഗുരുനാനാക്, മീനാക്ഷി ഉള്‍പ്പടെ പത്തോളം കോളേജുകളിലും വിദ്യാര്‍ഥികള്‍ ക്ലാസ് മുടക്കി പ്രതിഷേധിയ്ക്കുകയാണ്. തിരുച്ചിറപ്പള്ളിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം അഞ്ചാം ദിവസവും തുടരുന്നു. തമിഴ്‌നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് പറയുന്ന വിദ്യാര്‍ഥികളില്‍ സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണ്.

പോണ്ടിച്ചേരിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പൊലീസ് ബാരിക്കേഡ് മറികടന്ന ഇരുപതോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദ്യാര്‍ഥിപ്രക്ഷോഭം വളരുന്നത് കണ്ടറിഞ്ഞ് സര്‍ക്കാരിനെതിരെ ആദ്യപൊതുപരിപാടിയുമായി ടിടിവി ദിനകരന്‍ രംഗത്തെത്തി. ശനിയാഴ്ച നീറ്റിനെതിരെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നാണ് ദിനകരന്റെ പ്രഖ്യാപനം. അടുത്ത ചൊവ്വാഴ്ച തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ പ്രതിഷേധസമ്മേളനം വിളിച്ചുചേര്‍ക്കും.