കൊച്ചി: ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള സഹപാഠിയുടെ അടിയേറ്റ മെഡിക്കൽ വിദ്യാർത്ഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് സംഭവം. കളമശ്ശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെയാണ് സഹപാഠി ആക്രമിച്ചത്. ഏറെ നാളായി അവധിയിലായിരുന്ന മാനസ് എന്ന വിദ്യാർത്ഥി കഴിഞ്ഞ ശനിയാഴ്ച മുതലാണ് ക്ലാസിൽ വീണ്ടുമെത്തിയത്.

ക്ലാസിനിടെ പുറത്തുപോയ ഇയാൾ ഹോസ്റ്റലിൽ പോയി ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്ന് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സഹപാഠികൾ ചേർന്ന് മാനസിനെ പിടിച്ചുമാറ്റി. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനിയെ സഹപാഠികളും അധ്യാപകും ചേർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ പിണക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറ‍ഞ്ഞു.