തിരുവനന്തപുരം: എബിവിപിയുടെ കൊടിപിടിക്കാത്തതിന് വിദ്യാർത്ഥിയെ നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതി. തിരുവനന്തപുരം ധനുവച്ചപുരം എന്‍ എസ് എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി അഭിജിത്തിനാണ് മർദ്ദനമേറ്റത്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് എബിവിപി നേതാക്കൾ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ പൊളിറ്റിക്സ് ഒന്നാം വർഷ ബിരുദവിദ്യാർത്ഥിയാണ് നേമം സ്വദേശി അഭിജിത്ത്. സീനിയർ വിദ്യാർത്ഥികളായ എബിവിപി പ്രവർത്തകർ പലതവണ മർദ്ദിച്ചെന്നാണ് അഭിജിത്തിന്റെ പരാതി. ശാഖയിൽ പങ്കെടുക്കാത്തതിന്റെ പേരിലായിരുന്നു പീഡനം തുടങ്ങയത്.

ഭീഷണിയെ തുടർന്ന് കോളേജ് അധികൃതരോടോ, വീട്ടിലോ ഇതുവരെ ഇക്കാര്യം അഭിജിത് പറഞ്ഞുമില്ല. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം ഘോഷയാത്രയിൽ പങ്കെടുക്കാത്തതിനായിരുന്നു ഏറ്റവുമൊടുവിൽ ക്രൂരമർദ്ദനം. കോളേജ് ഗ്രൗണ്ടിൽ കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ചു. പരിക്കേറ്റ അഭിജിത് ഇപ്പോൾ തിരു, ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിമെന്നാണ് എബിവിപിയുടെ നിലപാട്. കോളേജിൽ ഒരുതരത്തിലുമുളള സംഘർഷങ്ങളും ഉണ്ടായിട്ടില്ലെന്നും എബിവിപി അറിയിച്ചു. ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിവില്ലെന്നും പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.