ചെന്നൈ: സ്കൂളില്‍ വൈകിയെത്തിയതിന് തോളില്‍ കല്ല് കെട്ടി താറാവിനെ പോലെ നടത്താന്‍ ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്.

സംഭവത്തില്‍ പെമ്പൂരിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പാളും കായികാധ്യപനും അറസ്റ്റിലായി. പ്രിന്‍സിപ്പല്‍ അരുള്‍ സ്വാമി, കായികാധ്യാപകന്‍ ജയ്സിങ് എന്നിവരാണ് അറസ്റ്റിലായത്.
മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

വൈകിയെത്തിയ നാല് വിദ്യാര്‍ഥികളോട് മൂന്നു റൗണ്ട് സ്കൂളിന് ചുറ്റും മുട്ട് പാതി മടക്കി നടക്കാനാണ് കായികാധ്യാപകന്‍ നിര്‍ദ്ദേശിച്ചത്. കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചിട്ടും ശ്വാസംമുട്ടുന്ന അസുഖമുണ്ടെന്ന് അറിയിച്ചിട്ടും അധ്യാപകന്‍ നിര്‍ബന്ധിച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു. 

തുടര്‍ന്ന് മുന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. എഴുന്നേല്‍ക്കാതിരുന്ന നരേന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു എന്നായിരുന്നു അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചത്.