സഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഹരിയാന: ജിന്ദ് ജില്ലയിലെ സ്വകാര്യ സ്കൂളിൽ വച്ച് സഹപാഠിയുടെ കുത്തേറ്റ വിദ്യാർത്ഥി മരിച്ചു. ജിന്ദിലെ പില്ലു ഖേര സ്കൂൾ വിദ്യാർത്ഥിയായ അങ്കുഷ് ആണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. ഹരിയാന ധനകാര്യമന്ത്രി ക്യാപ്റ്റൻ അഭിമന്യുവിന്റെ കുടുംബ ഉടസ്ഥതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശനിയാഴ്ച പുലർച്ചെ നാല്മണിയോടെയാണ് സംഭവം. അങ്കുഷിന്റെ നാല് സപഹാഠികൾക്കും കുത്തേറ്റിട്ടുണ്ട്.
സഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് അക്രമത്തിന് തുടക്കമിട്ടത്. ഇവരുടെ ഓരോരുത്തരുടെയും ബാഗിൽ കത്തിയുണ്ടായിരുന്നു. ക്ലാസ് അവസാനിപ്പിച്ച് അധ്യാപിക പോയ ഉടനെ കത്തിയെടുത്ത് നാല് വിദ്യാർത്ഥികളെ കുത്തുകയായിരുന്നു. അധ്യാപകർ എത്തിയപ്പോഴാണ് പ്രശ്നം അവസാനിച്ചത്. എന്നാൽ പിന്നീട് അവരെ തീർത്തുകളയും എന്ന് വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു.
അങ്കുഷിന്റെ വയറ്റിലാണ് കുത്തേറ്റത്. മറ്റ് വിദ്യാർത്ഥികൾക്കും ഗുരുതരമായി മുറിവേറ്റിരുന്നു. ഞായറാഴ്ച രാവിലെ ഗുരുഗ്രാമിലെ മെഡാന്റാ ആശുപത്രിയിലേക്ക് അങ്കുഷിനെ മാറ്റി. അവിടെ വച്ചാണ് മരിക്കുന്നത്. നാല് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതായി പൊലസ് അറിയിച്ചു. ദേഹോപദ്രവം, ആയുധം സൂക്ഷിക്കൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
