നീറ്റ് പരീക്ഷയ്ക്കിടെ ബ്രാ ഊരിമാറ്റിച്ച നടപടി വിവാദത്തില്‍
പാലക്കാട്: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു മാറ്റിച്ച നടപടി വിവാദമാകുന്നു. പാലക്കാട് കൊപ്പം ലയന്സ് സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ 26 വിദ്യാര്ത്ഥിനികള്ക്കാണ് ഇത്തരം ഒരു ദുരനുഭവം ഉണ്ടായത്. അടിവസ്ത്രം അഴിച്ചു മാറ്റിച്ചത് കൂടാതെ ഹാളില് എത്തിയ നിരീക്ഷകന്റെ തുറിച്ചു നോട്ടം കൂടിയായപ്പോള് പരീക്ഷ എഴുതാന് സാധിക്കാതെയായി. ഇതിനെതിരെ ഒരു വിദ്യാര്ത്ഥിനി പൊലീസില് പരാതി നല്കിയതോടെ ആണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ രണ്ടു വര്ഷമായി എന്ട്രന്സ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന കുട്ടിക്ക് ബയോളജിയുടെ പത്തു ചോദ്യങ്ങള്ക്കൊഴികെ മറ്റൊന്നിനും ഉത്തരം പോലും എഴുതാന് സാധിച്ചില്ല. ഇത്തരം ഒരനുഭവം കുട്ടിയുടെ ഭാവി പഠനത്തെ തന്നെ ബാധിച്ചിരിക്കുകയാണെന്നു ഇവരുടെ ബന്ധുവായ ആസ്യ ഏഷ്യാനെറ്റ്ന്യൂസ് ഓണ്ലൈനിനോട് പറഞ്ഞു. സിബിഎസ്ഇയുടെ നിര്ദേശം എന്ന് പറഞ്ഞാണ് കുട്ടിയോട് അടിവസ്ത്രം അഴിച്ചു മാറ്റുവാന് അധ്യാപകര് ആവശ്യപെട്ടത്.
മൂന്നു ടീച്ചര്മാര് നിര്ബന്ധിച്ചപ്പോള് കുട്ടിക്ക് അനുസരിക്കാതെ നിര്വാഹം ഉണ്ടായിരുന്നില്ല. എന്നാല് വസ്ത്രം മാറുന്നതിനു വേണ്ട സൗകര്യങ്ങള് അവിടെ ഒരുക്കിയിരുന്നില്ല. ഒരു ചാക്ക് കെട്ടിയിരുന്നതിന്റെ മറവില് നിന്നാണ് കുട്ടികള്ക്ക് വസ്ത്രം മാറേണ്ടി വന്നത്. ഓരോരുത്തരുടെയും വസ്ത്രം വിദ്യാര്ത്ഥികളുടെ റോള് നമ്പര് എഴുതി ഒരുമിച്ചു സൂക്ഷിക്കുകയായിരുന്നെന്നും ഇവര് പറയുന്നു.
പ്ലസ്ടു ഫലം വന്നപ്പോള് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടി ഏറെ സമ്മര്ദ്ദത്തില് ആണെന്നും ആസ്യ പറഞ്ഞു. പെണ്കുട്ടികള് മാത്രം പരീക്ഷ എഴുതിയ ഒരു സ്കൂളില് ഇത്തരം ഒരു നടപടി എന്തുകൊണ്ട് ഉണ്ടായി എന്നതാണ് സംശയം. മറ്റു സ്കൂളുകളില് ഒന്നും ഇത്തരം ഒരു നടപടി ഉണ്ടായതായി അറിവില്ല. എന്നാല് സിബിഎസ്ഇയുടെ നിര്ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്കൂള് അധികൃതര് പറയുന്നത്.
പരീക്ഷ ഹാളില് ഉണ്ടായിരുന്ന ഒരു ഇന്വിജിലേറ്റര് ഒഴികെ എല്ലാവരും സ്ത്രീകള് ആയിരുന്നെന്നും ഇയാള് സിബിഎസ്ഇ നിയമിച്ച ആള് ആയിരുന്നെന്നും ആണ് സ്കൂള് അധികൃതര് നല്കുന്ന വിശദീകരണം. സിബിഎസ്ഇയുടെ നിര്ദേശം ആണെങ്കില് എന്തുകൊണ്ടാണ് മറ്റു സ്കൂളുകളില് ഇത്തരം ഒരു നടപടി ഉണ്ടാകാതിരുന്നത് എന്നാണ് അസ്യ ചോദിക്കുന്നത്.
പെണ്കുട്ടികളോടു മാത്രം എന്തുകൊണ്ടാണ് ഇത്തരം ഒരു സമീപനം. ആണ് കുട്ടികള് ധരിക്കുന്ന പാന്റിനും മെറ്റല് സിപ്പ് ആണുള്ളത്. അതുകൊണ്ട് പാന്റ് മാറ്റി മുണ്ട് ഉടുപ്പിച്ചാണോ അവരെ പരീക്ഷ ഹാളില് കയറ്റുന്നതെന്നും ആസ്യ ചോദിച്ചു. കോപ്പി അടി തടയാന് ആണെങ്കില് മൊബൈല് ജാമര് സിസിടിവി തുടങ്ങി മറ്റു പല മാര്ഗ്ഗങ്ങളും ഉണ്ട്. പകരം കുട്ടികളെ അവഹേളിക്കുകയും മാനസികമായി തകര്ക്കുകയും ചെയ്യുന്ന ഇത്തരം പ്രവര്ത്തികള് അടുത്ത വര്ഷമെങ്കിലും ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് പോലീസില് പരാതിപ്പെട്ടതെന്നും ആസ്യ പറഞ്ഞു.
