സ്കൂളിലേക്കുള്ള വഴി ചോദിച്ചെത്തിയ വിദ്യാര്‍ത്ഥിയെ വെടിവച്ചു

മിഷിഗണ്‍: ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് സ്കൂളിലേക്കുള്ള ബസ് നഷ്ടമായ 14കാരനായ വിദ്യാര്‍ത്ഥി അടുത്ത വീട്ടിലെത്തിയത് വഴി ചോദിക്കാനായിരുന്നു. എന്നാല്‍ അവിടെ അവനെ കാത്തിരുന്നത് അതിക്രൂരമായ അനുഭവമായിരുന്നു. അടുത്ത വീട്ടിലെ യുവതി വാതില്‍തുറന്നതും അവര്‍ കണ്ടത് ആഫ്രോ അമേരിക്കനായ 14കാരന്‍ ബ്രെണ്ണന്‍ വാക്കറെയാണ്.

ഉടന്‍ തന്നെ അവര്‍ അലറി കരയാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ബ്രെണ്ണന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മിഷിഗണിലാണ് 14 കാരന് ക്രൂരമായ പെരുമാറ്റം നേരിടേണ്ടി വന്നത്. എന്തിനാണ് തന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നതെന്ന് യുവതി ചോദിച്ചു. മറുപടിയായി വഴി ചോദിക്കാന്‍ കയറിയതാണെന്ന് ബ്രെണ്ണന്‍ പറയും മുമ്പ് യുവതി ഉറക്കെ കരയകയായിരുന്നു.

ഉടന്‍ അവിടെ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ ബ്ലെണ്ണനെ യുവതിയുടെ ഭര്‍ത്താവ് വെടിവയ്ക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ബ്രെണ്ണന്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് വെടിയുതുര്‍ത്തതും ഇറങ്ങി ഓടിയ ബ്രെണ്ണന്‍ ഒരു സ്ഥലത്ത് ഒളിച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അപ്പോഴേക്കും അവന്‍ കരഞ്ഞ് പോയിരുന്നു. ഒരു ആഫ്രിക്കന്‍ വംശജന് അമേരിക്കയില്‍ ജീവിക്കുക എളുപ്പമല്ലെന്ന് തന്‍റെ അമ്മ പറഞ്ഞതായും ബ്രണ്ണന്‍ പറഞ്ഞു.