പാലക്കാട്: ഹോസ്റ്റല്‍ വാര്‍ഡനും കോളേജ് ഡയറക്ടറും അപമര്യാദയായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍.
പാലക്കാട് ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജിക്കെതിരെയാണ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം.
നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ ലക്കിടിയില്‍ ഉള്ള ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് കോളേജ് മാനേജ്‌മെന്റിനെതിര ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഹോസ്റ്റലിന് പരിസരത്ത് സ്ഥിരമായി നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന ആള്‍ക്കെതിരെ പരാതിപ്പെട്ടപ്പോള്‍ അയാളെ വിദ്യാര്‍ത്ഥിനികള്‍ വിളിച്ചു വരുത്തുന്നതാണെന്നായിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടി.
ക്ലാസില്‍ വച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്റെ പിറന്നാള്‍ ആഘോഷിച്ചതിന് കോളേജ് ഡയറക്ടറും അധ്യാപകരും ചേര്‍ന്ന് അപമാനിച്ചെന്നും പെണ്‍കുട്ടി പറയുന്നു. കോളജില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ അറിയിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ മാനേജ്‌മെന്റോ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും എതിരെ സമാനമായ നിരവധി ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.
