ഇടുക്കി: ഫാസ്റ്റ് ഫുഡ് ശീലമാക്കുന്ന പുതിയ തലമുറയ്ക്ക് പഴമയുടെ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തി രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കപ്പയും കഞ്ഞിയും ചീരത്തോരനും അടക്കമുള്ള പരമ്പരാഗത ഭക്ഷണങ്ങളാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചത്. മാറുന്ന കാലത്തില്‍ മലയാളിയുടെ ഭക്ഷണക്രമത്തിലും വലിയമാറ്റമാണ് ഉണ്ടായത്. ഭക്ഷണക്രമത്തിലുണ്ടായ മാറ്റം ജീവിതശൈലി രോഗങ്ങളിലേയ്ക്കും മലയാളികളെ തള്ളി വിട്ടിട്ടുണ്ട്. 

എന്നാല്‍ ഇന്ന് ഹൈറേഞ്ചിലെ കര്‍ഷകര്‍ പൂര്‍ണ്ണമായും തന്നാണ്ട് കൃഷിയിലേയ്ക്ക് വഴിമാറി എന്നുതന്നെ പറയേണ്ടിവരും ഇതോടെ പച്ചക്കറികള്‍ക്കും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടേയും ഉപഭോഗ ജില്ലയായി ഇടുക്കി മാറി. എന്നാല്‍ പഴയകാലത്തെ ഭക്ഷണം ആരോഗ്യ സംരക്ഷണത്തിന്റെ വലിയ ഘടകമായിരുന്നവെന്ന് പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് രാജാക്കാട് ഗവ.സ്‌കൂളിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഭക്ഷ്യമേള. 

വിവിധ ഇനത്തില്‍പ്പെട്ട ചീരത്തോരന്‍, പ്ലാവില തോരന്‍, ചമ്മന്ദി, കഞ്ഞി, കപ്പ, കാന്താരി ചമ്മന്തി, വിഭവ സമൃദ്ധമായ ഊണ്, പായസം അടക്കമുള്ള മലയാളക്കരയുടെ തനത് രുചിക്കൂട്ടുകള്‍ എല്ലാം തന്നെ ഇവിടെ ഒരുക്കിയിരുന്നു. പരമ്പരാഗത ഭക്ഷണ ക്രമം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരമ്പരാഗത ഭക്ഷണങ്ങള്‍ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമായ ശീതള പാനിയങ്ങള്‍ ബഹിഷ്‌ക്കരിക്കുകയെന്ന സന്ദേശം പകര്‍ന്ന് നല്‍കി ചെമ്പരത്തി ജൂസ്, നാരാങ്ങാ വെള്ളം, കരിക്ക് എന്നിവയും പ്രദര്‍ശനത്തില്‍ എത്തിച്ചിരുന്നു. രാവിലെ ആരംഭിച്ച പരിപാടി രാജാക്കാട് എസ്‌ഐപിഡി അനൂപ് മോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.