പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ തുക കണ്ടെത്തേണ്ട അതീവ ഗുരുതര സ്ഥിതിയാണ് സുപ്രീം കോടതി വിധി വഴി ഉണ്ടായത്. എല്ലാറ്റിനും കാരണം സര്‍ക്കാറെന്ന് പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍ വിധി ഖേദകരമാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്ക് വെക്കാനുള്ളത് കടുത്ത ആശങ്ക മാത്രമായിരുന്നു. അഞ്ച് ലക്ഷം വാര്‍ഷിക ഫീസ് തന്നെ കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഫീസ് കുത്തനെ ഉയര്‍ന്നത്. ആറ് ലക്ഷം പണമോ എല്ലെങ്കില്‍ തത്തുല്യ സ്വത്തോ ഉടന്‍ ബാങ്ക് വഴി കാണിച്ച് കോളേജിന് ഉറപ്പിച്ച് നല്‍കേണ്ട സ്ഥിതിയാണ്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് അധികം പണം കണ്ടെത്താനായില്ലെങ്കില്‍ പുറത്തുപോകേണ്ടിവരും. ഒഴിവ് വരുന്ന ഇത്തരം സീറ്റുകളില്‍ 30നും 31നും സ്പോട്ട് അഡ്മിഷന്‍ വഴി പണമുള്ളവര്‍ക്ക് പ്രവേശനം കിട്ടും. അതായത് നീറ്റ് വന്നിട്ടും മാനദണ്ഡം മെറിറ്റല്ല, പണമായി മാറി. 

തുടക്കം മുതല്‍ പ്രവേശനത്തെ ലാഘവത്തോടെ കണ്ട സര്‍ക്കാര്‍ ഒടുവില്‍ എല്ലാം കോടതിക്ക് വിട്ട് കാഴ്ചക്കാരായി. പലതവണ വിജ്ഞാപനവും ഫീസും തിരുത്തി. അഞ്ച് ലക്ഷം ഏകീകൃത ഫീസ് നിശ്ചയിച്ചിട്ടും അലോട്ട്മെന്റ് തുടങ്ങാന്‍ വൈകി. ഒടുവില്‍ രണ്ട് കോളേജുകള്‍ സുപ്രീം കോടതി വഴി 11 ലക്ഷം ഫീസ് നേടിയെടുത്തപ്പോള്‍ മാത്രം അലോട്ട്മെന്റ് തുടങ്ങി. ആരോഗ്യമന്തി ഖേദം പ്രകടിപ്പിച്ച് ഉത്തരവാദിത്വം ഒഴിഞ്ഞപ്പോള്‍ എല്ലാം കുളമാക്കിയത് സര്‍ക്കാറാണെന്ന് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും കുറ്റപ്പെടുത്തി.