കോട്ടയം: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകനും എം.ജി. യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഹരി ചങ്ങമ്പുഴക്ക് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റു. നാടകോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇത് സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി.
എം.ജി. യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകനായ ഹരി ചങ്ങമ്പുഴക്ക് വെള്ളിയാഴ്ച പുലര്‍ച്ചയാണ് മര്‍ദ്ദനമേറ്റത്. യൂണിവേഴ്‌സിറ്റി കലോത്സവത്തോടനുബന്ധിച്ചുള്ള നാടകോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. ഹരിയായിരുന്നു നാടകോത്സവത്തിന്റെ സംഘാടകന്‍.
യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഹരി ചങ്ങമ്പുഴ പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് മറ്റ് അധ്യാപകര്‍ അറിയുന്നത്. തുടര്‍ന്ന് അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി.
വൈസ് ചാന്‍സിലര്‍ ഇത് സംബന്ധിച്ച പരാതി പൊലീസിന് കൈമാറണമെന്നാണ് അധ്യാപകരുടെ ആവശ്യം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന് ക്യാമ്പസിനുള്ളില്‍ മര്‍ദ്ദനമേറ്റ സംഭവം യൂണിവേഴ്‌സിറ്റിക്ക് നാണക്കേടാണെന്നും ഇവര്‍ പറയുന്നു.

