കൊല്ലം: കൊല്ലം ഉപാസന നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി സമരം.അധ്യാപകരുടെ മോശം പെരുമാറ്റത്തിലും ഹോസ്റ്റലിലെ അനാവശ്യ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ചാണ് സമരം.എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്ന പോലുള്ള പ്രശ്നങ്ങള്‍ കോളേജില്‍ ഇല്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

350 വിദ്യാര്‍ത്ഥികളാണ് പല ബാച്ചുകളിലായി ഉപാസന നഴ്‌സിംഗ് കോളേജില്‍ പഠിക്കുന്നത്.ഹോസ്റ്റലില്‍ അനാവശ്യമായി ഫൈന്‍ ഈടാക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.വീട്ടില്‍ പോകാനാ, വീട്ടിലേക്ക് ഫോണ്‍ വിളിക്കാനോ ഹോസ്റ്റലിലല്‍ കടുത്ത നിയന്ത്രണമുണ്ട്.ഹോസ്റ്റലില്‍ രണ്ട് കട്ടിലുകള്‍ ഒരുമിച്ചിട്ടതിന് വാര്‍ഡന്‍ മോാശമായി പെരുമാറിയതായും ഇവര്‍ പറയുന്നു.ചില അധ്യാപകര്‍ ജാതിപ്പേര് വിളിക്കുന്നതായും ആക്ഷേപമുണ്ട്.

മൂന്ന് ദിവസം മുന്‍പ് മാനേജ്മെന്റ് ചര്‍ച്ച നടത്തി വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചെങ്കിലും, ക്ലാസ് തുടങ്ങിയതോടെ അധ്യാപകര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചെന്ന് പറഞ്ഞാണ് വീണ്ടും സമരം തുടങ്ങിയത്.എന്നാല്‍ ചര്‍ച്ചയിലൂടെ വിദ്യാര്‍ത്ഥി പ്രശ്നം പരിഹരിച്ചതാണെന്നും ഇപ്പോഴുള്ളത് അനാവശ്യ സമരമാണെന്നുമാണ് മാനേജ്മെന്റ് നിലപാട്.