മറയൂരിൽ വാഹനമിടിച്ചു ചത്ത കാട്ടുമുയലിനൊപ്പം സെൽഫിയെടുക്കുകയും കറിവക്കുകയും ചെയ്ത കേസിൽ വിദ്യാർത്ഥികൾ ജയിലിലായി. തമിഴ്നാട് നാമക്കൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ എട്ടു പേരാണ് ദേവികുളം സബ്ബ്ജയിലിൽ റിമാൻഡിലായത്.

ചിന്നാർ അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡന്‍റെ നേതൃത്വത്തിൽ പിടികൂടി ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വിദ്യാർത്ഥികളാണ് പതിനാലു ദിവസത്തെ റിമാന്‍റിനെ തുടർന്ന് ജയിലിലായത്. മൂന്നാർ മേഖലയിലേക്ക് കാറിൽ വരുമ്പോഴാണ് ചിന്നാറിൽ റോഡിൽ വാഹനമിടിച്ച് ചത്തുകിടന്ന മുയലിനൊപ്പം വിദ്യാർത്ഥികൾ സെൽഫിയെടുത്തത്. പിന്നീടിതിനെ വാഹനത്തിലിട്ട് മറയൂരിൽ കൊണ്ടുവന്ന് കറിവക്കാനും ശ്രമിച്ചു.

ഇതിനിടെയായിരുന്നു രഹസ്യവിവരം കിട്ടിയതിനെ തുടർന്നെത്തിയ വന്യജീവി വകുപ്പുദ്യോഗസ്ഥർ ചത്ത കാട്ടുമുയലിനെ കണ്ടെത്തുന്നതും വിദ്യാർത്ഥികളെ അറസ്റ്റു ചെയ്യുന്നതും. നാമക്കൽ കെ.എസ്.ആർ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ സുദർശനൻ, സുരേഷ്, ഷേക്ക് മുഹമ്മദ്, സുജൈ, വിജയകുമാർ, ഉദയരാജ്, കനിഷക്ർ എന്നിവരടങ്ങുന്ന എട്ടംഗ സുഹൃത് സംഘം മൂന്നാർ മേഖലയിലേക്ക് വിനോദയാത്രക്കെത്തിയതായിരുന്നു. ജയിലിലായ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്‍ച പരീക്ഷയുളളതാണെന്ന് രക്ഷിതാക്കൾ പറയുന്നു.