പതിനഞ്ചിലധികം വിദ്യാർത്ഥികളെയാണ് വിലക്കിയത് സാങ്കേതിക കാരണങ്ങളാണ് ഹിജാബിനെതിരെ ഉന്നയിച്ചത്
ഡെല്‍വെയര്‍: ഹിജാബ് ധരിച്ചെത്തിയ പതിനഞ്ചിലധികം വിദ്യാര്‍ത്ഥികള്‍ക്ക് വില്‍മിംഗ്ടണിലെ നീന്തല്‍ക്കുളത്തില്‍ വിലക്ക്. ദാറുല്‍ അമാന അക്കാദമിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നീന്തല്‍ക്കുളത്തിലെ ജീവനക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്.
കുളത്തിനകത്തേക്ക് ഹിജാബ് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ജീവനക്കാര്‍ അത് നീന്തുന്നതിനിടെ അപകടമുണ്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മതപരമായ വസ്ത്രം ഊരിമാറ്റാനാകില്ലെന്ന നിലപാടില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നതോടെ നീന്തല്‍ക്കുളത്തില്‍ നിന്ന് ഇവരെ പുറത്താക്കുകയായിരുന്നു.
വസ്ത്രത്തെപ്പറ്റി ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ തങ്ങളെ മതപരമായി അധിക്ഷേപിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഇത് കൃത്യമായ വിവേചനമാണെന്നും വസ്ത്രധാരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്തെങ്കിലും മാനദണ്ഡങ്ങളുണ്ടെങ്കില്‍ അത് നേരത്തേ അറിയിക്കണമെന്നും എല്ലാവര്‍ക്കും കയറിച്ചെല്ലാന്‍ കഴിയുന്ന ഒരു പൊതുവിടത്തില്‍ തങ്ങള്‍ക്ക് മാത്രം കയറാനായില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവം വിവാദമായതോടെ സിറ്റി മേയര്‍ വിശദീകരണവുമായി എത്തി. ആര്‍ക്കും നഗരത്തിലെ നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കാമെന്നും ഇതിന് യാതൊരു തടസങ്ങളുമില്ലെന്ന് വിശദീകരിച്ച മേയര്‍ അപമാനിക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളോടും മാപ്പ് ചേദിക്കുന്നതായും അറിയിച്ചു.
