ഈ വർഷം മാത്രം 14 നവജാത ശിശുക്കൾ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്. കോടികളുടെ വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് വർധിക്കുന്നത് ആദിവാസികൾക്കിടയിൽ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു

പാലക്കാട്: അട്ടപ്പാടിയിലെ ശിശു മരണങ്ങളെക്കുറിച്ച് യൂനിസെഫിന്റെ നേതൃത്വത്തിൽ പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ശിശു മരണ നിരക്ക് കുറച്ചു കൊണ്ടുവരുന്നത് വരെ എല്ലാ മാസവും പാലക്കാട് ഡിഎംഒ അട്ടപ്പാടിയിലെത്തി സ്ഥിതി വിലയിരുത്തുമെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

ഈ വർഷം മാത്രം 14 നവജാത ശിശുക്കൾ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്. കോടികളുടെ വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് വർധിക്കുന്നത് ആദിവാസികൾക്കിടയിൽ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നൽകിയിട്ടും ഈ വർഷം 14 കുട്ടികൾ മരിച്ചു. ഈ സാഹചര്യത്തിലാണ് വിദഗ്ധ പഠനം നടത്താന്‍ തീരുമാനമായിരിക്കുന്നത്. ട്രൈബൽ വകുപ്പിന്റെ സഹകരണത്തോടെ ഊരുകളിൽ ബോധവത്കരണം ,നവജാത ശിശു പരിപാലനം എന്നിവ ഊര്‍ജിതമാകും.

സമൂഹ അടുക്കളകൾ വിപുലീകരിക്കാനും തീരുമാനമായി. അതിനിടെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരി രേശൻ തന്നെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടുവെന്ന പരാതിയുമായി രംഗത്തെത്തി. എന്നാൽ, ആളെ തിരിച്ചറിയാത്തത് കൊണ്ട് പറ്റിയ അബദ്ധമാണെന്നും അവർ ഇറങ്ങിപ്പോയതിൽ വിഷമമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.