അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് നാവികസേന ആഭ്യന്തരപരിശോധന ആരംഭിച്ചു. ആരോപണം ഉയര്‍ന്നത് കൊണ്ട് മാത്രം ഫ്രഞ്ച് കമ്പനിനിയെ കരിമ്പട്ടികയില്‍പ്പെടുത്തില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍‍ പരീക്കര്‍ അറിയിച്ചു. ഇതിനിടെ തങ്ങളുടെ അന്തര്‍വാഹിനികളുടെ രഹസ്യം ചോരാതെ നോക്കണമെന്ന് ഫ്രഞ്ച് കമ്പിനിക്ക് ഓസ്‍ട്രേലിയ മുന്നറിയിപ്പ് നല്‍കി.

സ്കോര്‍പിന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ 2011ല്‍ ഇന്ത്യയില്‍ വന്ന ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ മോഷ്‌ടിച്ചതാണെന്ന ഫ്രഞ്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരപരിശോധന നടത്താന്‍ നാവികസേന ഉത്തരവിട്ടത്. അന്തര്‍വാഹിനിക്കായി 2011ല്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്തര്‍വാഹിനിയുടെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നെങ്കിലും അന്തിമകരടിലുള്ള വിവരങ്ങളല്ല പുറത്തു വന്നതെന്ന് നിലപാടിലാണ് ഇപ്പോഴും പ്രതിരോധമന്ത്രാലയം. സ്കോര്‍പിന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ചോര്‍ന്നതോടെ ഫ്രഞ്ച് കമ്പിനിയുമായി രൂപരേഖക്ക് ധാരണയുണ്ടാക്കിയ മറ്റ് രാജ്യങ്ങളും ആശങ്കയിലായി. തങ്ങളുടെ അന്തര്‍വാഹിനിയുടെ വിശദാംശങ്ങള്‍ സുരക്ഷിതമായിരിക്കണമെന്ന് ഓസ്‍ട്രേയില ഡിസിഎന്‍എസ് മുന്നറിയിപ്പ് നല്‍കി. 12 അന്തര്‍വാഹിനികള്‍ക്കുള്ള കരാറാണ് ഓസ്‍ട്രേലിയ ഡിസിഎന്‍എസുമായി ഒപ്പിട്ടിരിക്കുന്നത്. ഇതിനിടെ ആരോപണങ്ങള്‍ ഉയര്‍ന്നയുടന്‍ കമ്പനികളെ കരമ്പട്ടികയില്‍പ്പെടുത്തില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍പരീക്കര്‍ അറിയിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടാല്‍ മാത്രമേ കരിമ്പട്ടിയില്‍പ്പെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.