കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ പി.വി. വിനോദ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കരിമ്പം സ്വദേശിയില്‍ നിന്ന് കൈക്കൂലിയായി 3000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. 

വിജിലന്‍സ് ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ പിടികൂടുകയാത്. ഇതേ വ്യക്തിയോട് ഇതിനു മുന്‍പ് സബ് രജിസ്ട്രാര്‍ 4000 രൂപ കൈക്കുലി വാങ്ങിയിരുന്നു. ഇയാള്‍ക്കൊപ്പം എത്തിയാണ് വിജിലന്‍സ് സബ് റീജിസ്ട്രാറുടെ കൈക്കൂലി പിടികൂടിയത്. പഴയ കറന്‍സികളും ഓഫീസില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, ഓഫിസില്‍ ഒളിപ്പിച്ച പണം കണ്ടെത്താനായില്ല. കൈക്കൂലി വാങ്ങിയ 3000 രൂപയ്ക്കായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അസാധു നോട്ടുകള്‍ കണ്ടെത്തി. നേരത്തേ കൈക്കൂലിയായി വാങ്ങിയ പണമാണിതെന്നു കരുതുന്നു. നിരോധിച്ച മൂന്ന് 500 രൂപ നോട്ടുകളും പുതിയ 200 രൂപയും ഉള്‍പ്പെടെ 3400 രൂപയാണു ഫയലുകള്‍ക്കിടയില്‍നിന്നു കിട്ടിയത്.