കടക്കാവൂര്‍: ഗുരുതരാവസ്ഥയിലായ രോഗിക്ക് ചികിത്സ നിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് കടയ്ക്കാവൂര്‍ കരിങ്ങോട്ട് വീട്ടില്‍ സുബിന് ബൈക്കപകടത്തില്‍ പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുബിനെ സുഹൃത്തുക്കള്‍ ആദ്യം ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്ക് വിടുകയായിരുന്നു.

വൈകീട്ട് നാലു മണിയോടെ മെഡിക്കല്‍ കോളേജില്‍ സുബിനെ എത്തിച്ചെങ്കിലും കാര്യമായ പരിശോധന നടത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് സുബിന്റെ സുഹൃത്ത് അര്‍ജ്ജുന്‍ പറഞ്ഞു. ഐസിയുവില്‍ കിടത്തി പരിശോധിക്കേണ്ട രോഗിയെ സാധാരണ വാര്‍ഡില്‍ ട്രിപ്പ് മാത്രം കൊടുത്ത് കിടത്തുകയായിരുന്നു ചെയ്തത്. പത്തുമണിക്കൂറോളം ഈ നില തുടര്‍ന്നു. ഇടയില്‍ ഡോക്ടറെ വിവരമറിയിച്ചാല്‍ ഡ്യൂട്ടി നേഴ്‌സ് വന്ന് നോക്കിയിട്ടു പോകും.
രോഗിയുടെ നിലവഷളായതിനെ തുടര്‍ന്ന് ഡോക്ടറോട് ബന്ധപ്പെട്ടപ്പോള്‍ രോഗിയ്ക്ക് അടിയന്തിര ശസ്ത്രക്രിയ വേണമെന്നും എന്നാല്‍ ശസ്ത്രക്രിയ ചെയ്താല്‍ കിടത്താന്‍ ഐസിയുവോ വെന്റിലേറ്ററോ മെഡിക്കല്‍ കോളേജില്‍ ഒഴിവില്ലെന്നും ഈ അവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ സാധ്യമല്ലെന്ന് പറഞ്ഞതായും അര്‍ജ്ജുന്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കണമെങ്കില്‍ എത്രയും പെട്ടെന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ആബുലന്‍സ് വാടകയ്‌ക്കെടുത്താണ് സുഹൃത്തുക്കള്‍ സുബിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിച്ചത്. ആബുലന്‍സിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ പിരിവിട്ടാണ് പണം കണ്ടെത്തിയത്. ഏഴ് ദിവസം കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണ് അനന്തപുരിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
അനന്തപുരിയിലെ ചികിത്സയ്ക്ക് ഇപ്പോള്‍ത്തന്നെ ഒന്നരലക്ഷത്തിന് മേലെ ചെലവായി. അമ്മയുടെ ചേച്ചിയും ചേച്ചിയുടെ കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സുബിന്‍. സുഹൃത്തുക്കള്‍ ചേര്‍ന്ന് പണം സ്വരൂപിച്ചാണ് നിര്‍ധന കുടുംബാംഗമായ സുബിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്. സുമനസുകള്‍ക്ക് പണം നിക്ഷേപിക്കാനുളള അക്കൗണ്ട് നമ്പര്‍: അനന്തന്‍ സി.ജി., എസ്ബിടി മാമം ആറ്റിങ്ങല്‍ ശാഖയിലെ അക്കൗണ്ട് നമ്പര്‍ 67235303091.

