സേവ് നോട്ട് ബുക്ക്' പദ്ധതിക്ക് തുടക്കം

കോഴിക്കോട്: എഴുതി തീര്‍ത്ത പുസ്തകങ്ങള്‍ കത്തിക്കാനോ മിഠായി പൊതിയാനോ ഉള്ളതല്ല, അവ കൊടുത്ത് പുതിയ പുസ്തകങ്ങളാക്കി മാറ്റാനാകും. കോഴിക്കോട് ജില്ലയിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നോട്ടുപുസ്തകം നല്‍കുക എന്ന ഉദ്ദേശ്യത്തില്‍ പഴയ പുസ്തകങ്ങള്‍ എടുത്ത് പുതിയ പുസ്തകങ്ങള്‍ കൊടുക്കുന്ന 'സേവ് നോട്ട് ബുക്ക്' പദ്ധതിക്ക് ജില്ലയില്‍ തുടക്കം. 

ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ലവ് ഡെയില്‍ ഫൗണ്ടേഷനും മിഷന്‍ മില്ല്യന്‍ നോട്ട് ബുക്കുമായി സഹകരിച്ചു നടത്തുന്ന 'സേവ് നോട്ട്ബുക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എരഞ്ഞിപ്പാലത്തെ കരുണ സ്‌കൂളില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി രാമനുണ്ണി നിര്‍വഹിച്ചു. 'പരിസ്ഥിതി ശുചീകരിക്കാനുള്ള വെറുമൊരു മാര്‍ഗ്ഗം മാത്രമല്ല, മനുഷ്യന്റെ മനോഭാവത്തെ മാറ്റിമറിക്കുന്ന ബൃഹത്തായ പദ്ധതി കൂടിയാണ് സേവ്' എന്ന് അദ്ദേഹം പറഞ്ഞു. 

കോഴിക്കോട് ഡിഡിഇ ഇ.കെ.സുരേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, കരുണ സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ വിക്ടോറിയ, ലവ് ഡേല്‍ ഫൗണ്ടേഷന്‍ പ്രതിനിധി പ്രീജോ, പിടിഎ പ്രസിഡന്റ് മുരളീ മോഹന്‍, കരുണ കോണ്‍വെന്റ് കമ്മ്യൂണിറ്റി സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍മേരി, സ്‌കൂള്‍ ലീഡര്‍ അഞ്ജന വി, അബ്ദുള്ള സല്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പക്ഷിക്ക് ഒരു കുടിനീര്‍, മഴയാത്ര, പൂമ്പാറ്റ പൂങ്കാവനം, ഹരിത തീര്‍ത്ഥാടനം തുടങ്ങിയ പദ്ധതികള്‍ക്ക് ശേഷമാണ് ലവ് ഡേല്‍ ഫൗണ്ടേഷന്‍ സേവ് നോട്ട് ബുക്ക് പദ്ധതി നടപ്പാക്കുന്നത്.