Asianet News MalayalamAsianet News Malayalam

''സ്വവര്‍ഗ ലെെംഗികത കുറ്റകരമല്ലെന്നുള്ള വിധി എയ്ഡ്സ് കേസുകള്‍ വര്‍ധിപ്പിക്കും''

ഈ വിധി ഒരിക്കലും അന്തിമമല്ല. ഏഴംഗ ബെഞ്ചിന് മാറ്റം വരുത്താന്‍ സാധിക്കുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു. സ്വവര്‍ഗ രതി നിയമവിധേയമാക്കുന്നത് ഒരുപാട് സാമൂഹിക തിന്മകള്‍ക്ക് കാരണമാകും.

subramanian swamy response -in-supreme-court-verdict-for-repeals-section-377
Author
New Delhi, First Published Sep 6, 2018, 6:42 PM IST

ദില്ലി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സമൂഹത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്.

സാധാരണമായ ലെെംഗിക സ്വഭാവമായി സ്വവര്‍ഗ രതിയെ കാണാനാകില്ല. അത് രാജ്യത്ത് എച്ച്ഐവി കേസുകള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഈ വിധി ഒരിക്കലും അന്തിമമല്ല. ഏഴംഗ ബെഞ്ചിന് മാറ്റം വരുത്താന്‍ സാധിക്കുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.

സ്വവര്‍ഗ രതി നിയമവിധേയമാക്കുന്നത് ഒരുപാട് സാമൂഹിക തിന്മകള്‍ക്ക് കാരണമാകും. ഇത്തരം സ്വഭാവങ്ങള്‍ ജനിതക വെെകല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്നുള്ള സുപ്രീം തോടതി ചരിത്ര വിധി ഇന്നാണ് വന്നത്.

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു.  വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്.

ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios