രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
ദില്ലി:അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയുടെ അനുമതി തേടിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. തർക്കത്തിൽ അല്ലാത്ത 67 ഏക്കർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടെന്നും സ്വാമി പറഞ്ഞു. ഉടനടി നിര്‍മ്മാണം തുടങ്ങാനായാണ് ഭൂമി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ അഭ്യന്തരമന്ത്രിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും രാമക്ഷേത്ര നിർമാണം തുടങ്ങാൻ മുൻകൂർ അനുമതി വേണമെന്നാണ് കേന്ദ്ര നിലപാട് എന്നും സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഇതിനായുള്ള റിട്ട് പെറ്റീഷനാണ് കേന്ദ്രം ഇപ്പോള്‍ സമര്‍പ്പിച്ചതെന്നുമാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്.
അയോധ്യ കേസ് അനന്തമായി നീളുന്നതില്‍ അതൃപതിയുമായി കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ പരസ്യമായി രംഗത്തുവന്നിരുന്നു. അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നത് ഇനിയും വൈകരുതെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ വാക്കുകള്‍. ഇതിനു പിന്നാലെയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നുവെന്ന കാര്യം സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ ഹൈന്ദവ വോട്ടുകളുടെ എകീകരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് വ്യക്തം.
