തിരുവനന്തപുരം: തിരുവനന്തപുരം ചെങ്ങന്നൂർ സബര്‍ബൻ ട്രെയിൻ പദ്ധതി അനിശ്ചിതത്വത്തിൽ .പ്രത്യേക പാത പണിയാതെ പദ്ധതി അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് റെയിൽവെ . എന്നാൽ സ്ഥലമേറ്റെടുപ്പടക്കമുള്ള പ്രശ്നങ്ങൾ വിലങ്ങുതടിയെന്നാണ് കേരളത്തിന്റെ നിലപാട്. അതിവേഗ റെയിൽ പാതയും ലൈറ്റ് മെട്രോയും അടക്കമുള്ള പദ്ധതികളും മെല്ലെപ്പോക്കിലാണ്
തിരക്കിനും യാത്രാ ക്ലേശത്തിനും ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് സബര്‍ബൻ ട്രെയിൻ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചത് .
തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര്‍ വരെ സബര്‍ബൻ ട്രെയിനോടിക്കാൻ 3100 കോടി രൂപയുടെ പദ്ധതി . ഈ റൂട്ടിൽ മാത്രം പ്രതിദിനം യാത്ര ചെയ്യുന്നത് 60000ത്തോളം പേർ. പദ്ധതിരേഖയും സാധ്യതാ പഠനവുമൊക്കെയായി കേരളം ചെന്നപ്പോൾ റെയിൽവെ വക ചുവപ്പ് സിഗ്നൽ. സബര്‍ബൻ ട്രെയിനോടിക്കണമെങ്കിൽ പുതിയ ട്രാക്കുണ്ടാക്കണം . സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കണം. മാത്രമല്ല പണിച്ചെലവിൽ പാതിയും വഹിക്കണം.
40 മെയിൽ എക്സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു സര്‍വ്വീസുമുള്ള റൂട്ടിൽ രണ്ട് ട്രെയിനുകള്‍ തമ്മിൽ 10 കിലോമീറ്റര്‍ അകലം നിലനിര്‍ത്തിയാണ് നിലവിൽ സര്‍വ്വീസ് . 78 ലവൽ ക്രോസുകള്‍ ഒഴിവാക്കുകയും ആധുനിക സിഗ്നലിംഗ് സംവിധാനം ഒരുക്കുകയും ചെയ്താൽ സബര്‍ബൻ തടസമില്ലാതെ ഓടുമെന്നാണ് കേരളത്തിന്റെ നിലപാട് . കോടികള്‍ മുടക്കി സാധ്യതാ പഠനങ്ങൾ നടത്തിയ ലൈറ്റ് മെട്രോയും , അതിവേഗ റെയിൽ പാതയും അടക്കമുള്ള പദ്ധതികളും അനിശ്ചിതത്വത്തിലാണ്.
നാൾക്കുനാൾ കൂടുന്ന യാത്രാദുരിതത്തിനാണ് പരിഹാരം വേണ്ടത് . പകരം പറഞ്ഞ പദ്ധതി സമയത്ത് തീര്‍ക്കാൻ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാറും തിരക്കുള്ള റൂട്ടിൽ അധികമായി ഒരു ബോഗിപോലും അനുവദിക്കാതെ റെയിൽവെയും യാത്രക്കാരെ പരീക്ഷിക്കുന്നു.
