യുഡിഎഫിൽ ചേർന്നിട്ടും സമദൂരമെന്ന് പറയുന്നത് അപഹാസ്യം
തിരുവനന്തപുരം: കെ എം മാണിക്കെതിരെ തുറന്നടിച്ച് വി എം സുധീരന്‍. സമദൂരമെന്ന് നിലപാട് എടുത്ത മാണി ബിജെപിയിലേക്ക് പോകില്ല എന്നുള്ളതിന് എന്ത് ഉറപ്പാണ് ഉള്ളത്. യുപിഎയ്ക്കാണ് സീറ്റ് നഷ്ടമാകുന്നത്. മാണി തന്നെ രാഷ്ട്രീയം ഉപദേശിക്കേണ്ട, സ്വയം ഉപദേശിക്കണം, നിലപാടുകൾ പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഒരു സീറ്റിന്റെ നഷ്ടം പോലും യുപിഎയ്ക്ക് വലുതായിരിക്കും. കടുത്ത പ്രസ്താവനകളും ആരോപണങ്ങളും ഉന്നയിച്ച് യുഡിഎഫ് വിട്ട മാണി ആ പ്രസ്താവനകളെക്കുറിച്ച് ഒന്നും പ്രതികരിക്കാത്തത് എന്താണെന്നും വിശദമാക്കണം. കുറഞ്ഞ പക്ഷം പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ എങ്കിലും മാണി തയ്യാറാകണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. മാണി ജനങ്ങളെ ഭയക്കുന്നു അതുകൊണ്ടാണ് ജോസ് കെ മാണിയെ കോട്ടയത്ത് നിന്ന് മല്‍സരിപ്പിക്കാന്‍ തയ്യാറാകാത്തതെന്ന് സുധീരന്‍ ആരോപിച്ചു.
ബിജെപിക്കൊപ്പം കൂടില്ലെന്ന് മാണി ഉറപ്പ് നല്‍കണം. മാണി തുടരുന്നത് ചാഞ്ചാട്ട രാഷ്ട്രീയം. യുഡിഎഫിൽ ചേർന്നിട്ടും സമദൂരമെന്ന് പറയുന്നത് അപഹാസ്യമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മകൻ ജോസ് കെ മാണിയുടെ രാഷ്ട്രീയ സുരക്ഷിതത്വത്തിനാണ് മാണി രാജ്യസഭാ സീറ്റ് വാങ്ങിയത്. തനിക്ക് എന്നും ഒരേ നിലപാടാണ് മാണിയെ പോലെ ചാഞ്ചാട്ട രാഷ്ട്രീയം കാണിക്കാറില്ലെന്ന് സുധീരന്‍ തുറന്നടിച്ചു.
