കെപിസിസി അധ്യക്ഷന്‍ മാറണമെന്ന നിലപാട് പരസ്യമായി പറഞ്ഞത് എ ഗ്രൂപ്പ് നേതാവ് കൂടിയായ എം എം ഹസന്‍. പിന്നീട് സംസാരിച്ച കെ.ബാബു പരാജയത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് പദവികളൊ‍ഴിഞ്ഞ ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടി നേതൃത്വം മാതൃകയാക്കണമെന്ന് തുറന്നടിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്നായിരുന്നു കെ.ശിവദാസന്‍ നായരുടെ നിലപാട്. 

നേതൃത്വത്തില്‍ തലമുറ മാറ്റം വേണമെന്ന് വിഡി സതീശനും നിലപാടെടുത്തു. ഇതെല്ലാം കേട്ടുക‍ഴിഞ്ഞ ശേഷമാണ് നിലവിലെ നേതൃത്വം തന്നെ തുടരണമെന്ന് എകെ ആന്‍റണി വ്യക്തമാക്കിയത്. വിഎം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഈ നേതൃത്വം വളരെ യോജിച്ചതാണെന്നും ഇവരില്ലാതെ കേരളത്തിലെ പാര്‍ട്ടിയെ നയിക്കാനാകില്ലെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. 

നേതൃമാറ്റമെന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് ആന്‍റണി പരോക്ഷമായി പറഞ്ഞുവച്ചു. ചിലരുടെ മനസിലുള്ള കാര്യങ്ങളാണ് വാര്‍ത്തകളായി വന്നതെന്നും നേതൃമാറ്റ ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും വി എം സുധീരനും രമേശ് ചെന്നിത്തലയും പ്രതികരിച്ചു

ഇതിനിടെ ദില്ലിയിലെത്തുന്ന വി എം സുധീരന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയും രാഷ്ട്രീയ സാഹചര്യവും സോണിയാഗാന്ധി രാഹുല്‍ഗാന്ധി എന്നിവരുമായി ചര്‍ച്ച ചെയ്യും. കെപിസിസി യോഗത്തിലെ തീരുമാനങ്ങളും ഹൈക്കമാന്‍റിനെ ധരിപ്പിക്കും