കഴിഞ്ഞ ഒരാഴ്ചക്കിടെ കിലോയ്ക്ക് ആറ് രൂപ കൂടി.

തിരുവനന്തപുരം: പഞ്ചസാരയ്ക്ക് റെക്കോഡ് വില വർദ്ധന. കഴിഞ്ഞ ഒരാഴ്ചക്കിടെ കിലോയ്ക്ക് ആറ് രൂപ കൂടി. വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പഞ്ചസാര ക്വിന്‍റലിന് മൊത്ത വില്‍പ്പന വില 3000 രൂപ ഉണ്ടായിരുന്നതില്‍ നിന്ന് 3600 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ കിലോയ്ക്ക് ആറ് രൂപയാണ് കൂടിയിരിക്കുന്നത്. 40 രൂപ വരെയാണ് ഇപ്പോള്‍ ചില്ലറ വില്‍പ്പന വില. 

മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാരയെത്തുന്നത്. പഞ്ചസാര കിലോയ്ക്ക് കേന്ദ്ര ഗവണ്മെന്‍റ് 29 രൂപ മിനിമം സപ്പോർട്ട് പ്രൈസ് തീരുമാനിച്ചതും ഗവണ്മെന്‍റ് ബഫർ സ്റ്റോക്ക് എടുത്തതുമാണ് വില കൂടാന്‍ കാരണമായി പറയുന്നത്. മില്ലുകള്‍ക്ക് പരമാവധി ഉത്പാദിപ്പിക്കാവുന്ന അളവില്‍ ക്വാട്ട നിശ്ചയിച്ചതും വില വർദ്ധനവിന് കാരണമായി. മൊത്ത വില ഇനി 33 രൂപയില്‍ കുറയില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. ഇതേ നില തുടർന്നാല്‍ പഞ്ചസാര ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 46 എങ്കിലും ആകുമെന്നാണ് വിലയിരുത്തല്‍.