ശബരിമല സന്നിധാനത്തേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ ഉണ്ടായ മോശം അനുഭവം തുറന്നെഴുതി ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ്. 100 കണക്കിനാളുകൾ സംഘടിച്ചെത്തിയെന്നും സംഘർഷം ഒഴിവാക്കാനാണ് പിന്മാറിയതെന്നും ന്യൂയോർക്ക് ടൈംസ് വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിൽ സുഹാസിനി പറയുന്നു.
പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ ഉണ്ടായ മോശം അനുഭവം തുറന്നെഴുതി ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ്. 100 കണക്കിനാളുകൾ സംഘടിച്ചെത്തിയെന്നും സംഘർഷം ഒഴിവാക്കാനാണ് പിന്മാറിയതെന്നും ന്യൂയോർക്ക് ടൈംസ് വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിൽ സുഹാസിനി പറയുന്നു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയും കേരളത്തിലെ പ്രശ്നങ്ങളും വിശദമായി വിവരിക്കുന്ന ലേഖനത്തിന്‍റെ അവസാന ഭാഗത്താണ് തനിക്കും സഹപ്രവര്‍ത്തകൻ കായ് ഷോള്‍ട്സിനും നേരിട്ട ദുരനുഭവം സുഹാസിനി വിശദമായി കുറിക്കുന്നത്. സന്നിധാനത്തേയ്ക്കുള്ള യാത്ര തുടങ്ങും മുമ്പ് തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. എവിടെ നിന്ന് വന്നുവെന്നും എവിടെ പോകുന്നുവെന്നും ചോദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ വന്നു. തന്നോട് തിരിച്ചറിയൽ കാര്‍ഡ് ആവശ്യപ്പെട്ടു. ഇതുകണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ക്യമാറയുമായി എത്തിയതോടെ മലയാളത്തിലും ഇംഗ്ലീഷിനും മടങ്ങിപ്പോകാൻ അവര്‍ ആക്രോശിച്ചു. രണ്ട് ഡസനിലധികം പൊലീസുകാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കി. ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി. ഷര്‍ട്ടിടാതെ കാവി മുണ്ട് ധരിച്ചൊരാള്‍ മൊബൈലിൽ തന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താൻ തുടങ്ങി. അതോടെ മറ്റുള്ളവരും അത് തന്നെ ചെയ്തു.
പകുതി ദൂരം പിന്നിട്ടപ്പോള്‍ കൂടുതൽ പേര്‍ കുന്നിൽ നിന്നും വശത്തെ വേലി ചാടിയും എത്തി. മുഷ്ടി ഉയര്‍ത്തിയും മറ്റും അവര്‍ അലറി വിളിച്ചു. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയെങ്കിലും അവരുടെ വലയം ഭേദിച്ച പ്രതിഷേധക്കാര്‍ തനിക്കെതിരെ കല്ലെറിഞ്ഞു. തോളിൽ കൊണ്ടെങ്കിലും മുറിവേറ്റില്ലെന്നും സുഹാസിനി എഴുതുന്നു. തുടര്‍ന്നാണ് ഷോൾട്സുമായി ആലോചിച്ച് പിന്മാറാൻ തീരുമാനിച്ചത്. നവംബറിൽ കൂടുതൽ ഭക്തരെത്തുന്നതോടെ ഇവിടെ എന്താണ് സംഭവിക്കുകയെന്ന് നിശ്ചയമില്ലെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞതായും സുഹാസിനി വ്യക്തമാക്കുന്നു.
തനിക്ക് കിട്ടിയ ഒരു പ്രോത്സാഹനവും സൂചിപ്പിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖിക തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത്രയും പ്രശ്നങ്ങള്‍ക്കിടയിൽ ഒരു ചെറിയ മനുഷ്യൻ പൊലീസ് ഓഫീസറെ തള്ളി നീക്കി തനിക്ക് നേരെ കൈ നീട്ടി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ നിങ്ങളെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു.- സുഹാസിനി കുറിച്ചു.
ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതിയും വിധിക്ക് പിന്നാലെ സന്നിദ്ധാനത്ത് നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് സുഹാസിനി എന്ന മാധ്യമപ്രവര്‍ത്തക ഇന്നലെ മല ചവിട്ടിയത്. എന്നാല്‍ പൊലീസ് സംരക്ഷണത്തോടെ മല കയറിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടറായ സുഹാസിനി പ്രതിഷേധക്കാരുടെ ആക്രമണത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു.
