പൊലീസ് സംരക്ഷണത്തോടെ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മലകയറുന്നു.സന്നിധാനത്ത് കയറിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിയെ പ്രതിഷേധക്കാര്‍ തടഞ്ഞു.

പത്തനംതിട്ട: പൊലീസ് സംരക്ഷണത്തോടെ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മല കയറുകയാണ്. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് മല കയറുന്നത്. സന്നിധാനത്ത് കയറിയ സുഹാസിനി രാജിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. 

ന്യൂയോര്‍ക്ക് ടൈംസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്, ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് അവര്‍ ഇപ്പോള്‍ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്നത്. 

ഇവര്‍ ദര്‍ശനത്തിനെത്തിയതല്ല. മറിച്ച് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതാണ്. വിദേശിയായ ഒരു സഹപ്രവര്‍ത്തകനും ഇവര്‍ക്കൊപ്പമുണ്ട്. തനിക്ക് ജോലി ചെയ്യാന്‍ സംരക്ഷണം നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഇന്ത്യ റിപ്പോര്‍ട്ടറായ ഇവര്‍ നേരത്തെ കോബ്രാ പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2005 ല്‍ ആജ് തക്കില്‍ സംപ്രേഷണം ചെയ്ത ഓപ്പറേഷന്‍ ദുരിയോധന സുഹാസിനി രാജിന്‍റെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നാണ്. നിലവിൽ ദൽഹിയിലെ ന്യൂയോർക്ക് ടൈംസിന്റെ തെക്കേ ഏഷ്യാ ബ്യൂറോയിൽ പ്രവർത്തിക്കുന്നു.