വിവാദമുണ്ടാക്കി മലകയറാനില്ലെന്ന്  ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്. ആരുടെയും മതവികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തനംതിട്ട: വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്. ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് മല കയറാതെ മടങ്ങുകയായിരുന്നു. മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങാന്‍ തയ്യാറായത്. 

പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് സുഹാസിനിയെ തടയുകയായിരുന്നു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ആയിരത്തോളം പേർ സൂഹാസിനിയെ കൂട്ടം കൂടി അസഭ്യവർഷവുമായി പൊതിഞ്ഞു. ആൾക്കൂട്ടം അവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ശരണം വിളിക്കൊപ്പം തെറിയഭിഷേകം കൂടിയായതോടെ ഇവര്‍ പിന്‍വാങ്ങാന്‍ തയ്യാറാവുകയായിരുന്നു. സുഹാസിനിയെ ഇപ്പോള്‍ പമ്പാ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

p>