Asianet News MalayalamAsianet News Malayalam

'ഗജ'യ്ക്ക് ശേഷം ആത്മഹത്യാഭീഷണിയുമായി കര്‍ഷകര്‍; രണ്ട് പേരുടെ മരണം സ്ഥിരീകരിക്കാതെ സര്‍ക്കാര്‍

ദുരന്തത്തെ തുടര്‍ന്ന് മാനസികാഘാതത്തിലായ ആളുകള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും മറ്റ് ചികിത്സകളും ലഭ്യമാക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള വൈദ്യസഹായങ്ങള്‍ നല്‍കിവരുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്

suicidal tendencies among farmers from gaja cyclone hit areas
Author
Chennai, First Published Dec 2, 2018, 3:39 PM IST

ചെന്നൈ: ഗജ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചുപോയതിന് പിന്നാലെ ആത്മഹത്യാഭീഷണിയുമായി കര്‍ഷകര്‍. വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തി നല്‍കിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ദുരിതബാധിത മേഖലകളിലെ കര്‍ഷകര്‍ പറയുന്നത്. 

തഞ്ചാവൂര്‍- പുതുക്കോട്ടൈ ജില്ലകളില്‍ നിന്നായി ഇത്തരത്തില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

'ട്രാക്ടര്‍ മുതല്‍ കൃഷിക്കായി ഉപയോഗിക്കുന്ന എല്ലാം കടമെടുത്ത പണം കൊണ്ട് വാങ്ങിയതാണ്. പണം നല്‍കിയവര്‍ അത് പെട്ടെന്ന് തിരിച്ചുചോദിച്ചാല്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും ഞങ്ങള്‍ക്ക് മുന്നിലില്ലാതാകും. അതല്ലെങ്കില്‍ സര്‍ക്കാര്‍ എന്തെങ്കിലും വഴി കണ്ടെത്തിത്തരണം'- തഞ്ചാവൂര്‍ സ്വദേശിയായ ചിന്നയ്യന്‍ പറയുന്നു. 

ചുഴലിക്കാറ്റില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 40 ലക്ഷം രൂപയുടെ ലോണാണ് തനിക്ക് അവശേഷിക്കുന്നതെന്നും ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ചിന്നയ്യന്‍ പറയുന്നു. ചിന്നയ്യനെ പോലെ നിരവധി പേരാണ് കടം വീട്ടാന്‍ മറ്റ് മാര്‍ഗങ്ങള്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി ഉയര്‍ത്തുന്നത്. 

തമിഴ്‌നാാട്ടിലെ വിവിധയിടങ്ങളിലായി 63 പേരാണ് ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചത്. ഏതാണ്ട് മൂന്നര ലക്ഷത്തിധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ദുരന്തത്തെ തുടര്‍ന്ന് മാനസികാഘാതത്തിലായ ആളുകള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും മറ്റ് ചികിത്സകളും ലഭ്യമാക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. 

ഇത്തരത്തിലുള്ള വൈദ്യസഹായങ്ങള്‍ നല്‍കിവരുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതുവരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപയാണ് സംസ്ഥാനം ഖജനാവില്‍ നിന്ന് അനുവദിച്ചിട്ടുള്ളത്. 15,000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് നല്‍കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Follow Us:
Download App:
  • android
  • ios