ക‌ര്‍ണാടകത്തില്‍ വനിത പൊലീസ് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നവെന്ന് ആരോപിച്ചാണ് വിജയനഗര്‍ എസ്ഐ രൂപ തമ്പത് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ രണ്ട് ഡിവൈഎസ്‌പിമാരാണ് കര്‍ണാടകത്തില്‍ ആത്മഹത്യ ചെയ്തത്.

ബംഗളുരു വിജയനഗര്‍ സ്റ്റേഷനിലെ വനിത എസ്ഐയായ രൂപ തമ്പത് ആണ് പാരസെറ്റമോള്‍ ഉള്‍പ്പെടെ ഇരുപത്തിമൂന്ന് ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സ്റ്റേഷനിലെ മുതിര്‍ന്ന ഇന്‍സ്‌പെക്ടറായ സഞ്ജീവ് ഗൗഡ പീഡിപ്പിക്കുന്നവെന്ന് ആരോപിച്ചാണ് രൂപ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലുള്ള രൂപയെ സുഗത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ അഞ്ചിന് ചിക്കമംഗ്ലൂര്‍ ഡിവൈഎസ്‌പി കല്ലപ്പ ഹന്ദിബാഗും ഏഴിന് മംഗളുരു ഡിവൈഎസ്‌പി എംകെ ഗണപതിയും ആത്മഹത്യ ചെയ്തിരുന്നു. ഉന്നതോദ്യോഗസ്ഥരും മുന്‍ മന്ത്രിയും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വനിതാ ഡിവൈഎസ്‌പി അനുപമ ഷേണായ് കഴിഞ്ഞ മാസം സര്‍വ്വീസില്‍ നിന്ന് രാജിവച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കെയാണ് വനിത എസ്ഐയുടെ ആത്മഹത്യാ ശ്രമം. ഇതിനിടെ ഡിവൈഎസ്‌പി എംകെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച കെ ജെ ജോര്‍ജ്ജിനും പൊലീസ് ഓഫീസര്‍‍മാരായ എം കെ പ്രസാദ്, പ്രണബ് മൊഹന്തി എന്നിവ‍ര്‍ക്കെതിരെയും മടിക്കേരി ടൗണ്‍ പൊലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജോര്‍ജ്ജിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. അതേസമയം എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഓഫീസര്‍മാര്‍‍ ഹൈക്കോടതിയെ സമീപിച്ചു.