സ്വന്തം സമ്പാദ്യം മുടക്കി ഭാര്യയെ സബ് ഇൻസ്‌പെക്ടറാക്കിയ പൂജാരിക്ക് വിവാഹമോചന നോട്ടീസ്. ജോലി ലഭിച്ച ശേഷം ഭർത്താവിന്‍റെ പരമ്പരാഗത വസ്ത്രധാരണവും പൂജാരിപ്പണിയും നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. 

ഭോപ്പാൽ: സ്വന്തം സമ്പാദ്യവും അധ്വാനവും കൊണ്ട് ഭാര്യയെ സബ് ഇൻസ്‌പെക്ടറാക്കിയ പൂജാരിയായ ഭർത്താവിന് ലഭിച്ചത് വിവാഹമോചന നോട്ടീസ്. ഭർത്താവിന്‍റെ പരമ്പരാഗത വസ്ത്രധാരണവും രീതികളും തനിക്ക് നാണക്കേടുണ്ടാക്കുന്നു എന്നാണ് ഭാര്യ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. ഒരു ക്ഷേത്രത്തിലെ പൂജാരിയായ ഭർത്താവ്, വിവാഹസമയത്ത് ഭാര്യ പ്രകടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹം നിറവേറ്റാൻ രാപ്പകൽ അധ്വാനിച്ചു. തന്‍റെ സമ്പാദ്യമെല്ലാം ഭാര്യയുടെ പഠനത്തിനും പരീക്ഷാ പരിശീലനത്തിനുമായി അദ്ദേഹം ചിലവാക്കി.

കഠിനാധ്വാനത്തിനൊടുവിൽ യുവതിക്ക് സബ് ഇൻസ്‌പെക്ടറായി ജോലി ലഭിച്ചു. എന്നാൽ ജോലി കിട്ടിയതോടെ ഭർത്താവിന്‍റെ വസ്ത്രധാരണവും പൂജാരി എന്ന നിലയിലുള്ള ജീവിതരീതിയും അവർക്ക് കുറച്ചിലായി തോന്നിത്തുടങ്ങി. ഭർത്താവ് ധോത്തി-കുർത്ത ധരിക്കുന്നതും, തലയുടെ പിന്നിൽ കുടുമ വെക്കുന്നതും തനിക്ക് സമൂഹത്തിന് മുന്നിൽ നാണക്കേടാണെന്ന് യുവതി പരാതിയിൽ പറയുന്നു. വസ്ത്രധാരണം മാറ്റണമെന്നും പൂജാരിപ്പണി ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ വ്യക്തിത്വവും തൊഴിലും മാറ്റാൻ ഭർത്താവ് തയ്യാറായില്ല.

കോടതിയുടെ നിലപാട്

ഭോപ്പാൽ കുടുംബ കോടതിയിൽ എത്തിയ കേസിൽ പലവട്ടം കൗൺസിലിംഗ് നടത്തിയിട്ടും വിവാഹമോചനം വേണമെന്ന നിലപാടിൽ യുവതി ഉറച്ചുനിൽക്കുകയാണ്. ഭർത്താവാകട്ടെ ഇപ്പോഴും അനുനയത്തിന് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ ഇപ്പോൾ വർദ്ധിച്ചുവരികയാണെന്നും കൗൺസിലിംഗിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും അല്ലെങ്കിൽ ജില്ലാ ജഡ്ജി അന്തിമ തീരുമാനമെടുക്കുമെന്നും കുടുംബ കോടതി അഭിഭാഷകൻ പരിഹാർ വ്യക്തമാക്കി.