കാണ്‍പൂര്‍: സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് തീവ്രവാദിയെന്ന് മുദ്രകുത്തി അധിക്ഷേപിച്ച വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാണ്‍പൂര്‍ ജില്ലയിലെ കല്ല്യാണ്‍പൂര്‍ ഡല്‍ഹി പബ്ലിക് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉറക്കഗുളികയും ഫിനോയിലും കുഴിച്ച വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൊരു വിദ്യാര്‍ത്ഥി മാത്രമാണെന്നും തീവ്രവാദിയല്ലെന്നും സുഖം പ്രാപിച്ചുവരുന്ന വിദ്യാര്‍ത്ഥി പറഞ്ഞു. സംശയത്താല്‍ അധ്യാപകര്‍ ദിവസവും ബാഗ് പരിശോധിച്ചിരുന്നതായും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. 

പ്രിന്‍സിപ്പലും നാല് ആധ്യാപകരും ചേര്‍ന്നാണ് മുസ്ലീ നാമധാരിയായ വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചത്. ഐപിസി 305 പ്രകാരം പൊലിസ് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു. അധ്യാപകര്‍ ആവശ്യപ്പെട്ടത് പ്രകാരം സഹപാഠികളില്‍ ആരും തന്നോട് സംസാരിക്കാറില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സ്കൂള്‍ അധികൃതരില്‍ നിന്നും നേരിട്ട വിവേചനത്തെക്കുറിച്ച് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഉത്തപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഇടപെടണമെന്നും വിദ്യാര്‍ത്ഥി കുറിപ്പില്‍ ആവശ്യപ്പെടുന്നു.